ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറഞ്ഞ് വ്യോമയാന മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ.
തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ബി.ജെ.പി അധ്യക്ഷനും നന്ദി പറയുന്നതായി സിന്ധ്യ പറഞ്ഞു. താനെന്നും ജനങ്ങളുടെ സേവകനായിരിക്കുമെന്നും സിന്ധ്യ അവകാശപ്പെട്ടു.
അതേസമയം, ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിന് സിന്ധ്യ 35 ദിവസം കൊണ്ട് 44 വിമാനങ്ങളാണ് നല്‍കിയത്.
”ഇന്ന് ജബല്‍പൂരില്‍ നിന്ന് മുംബൈ, പൂനെ, സൂറത്ത്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ഫ്‌ളൈറ്റുകള്‍ പുറപ്പെടുന്നു. ആഗസ്റ്റ് 20 മുതല്‍ ജബല്‍പൂരില്‍ നിന്ന് ദല്‍ഹിയിലേക്കും ഇന്‍ഡോറിലേക്കും ഫ്‌ളൈറ്റുകള്‍ ആരംഭിക്കും,” സിന്ധ്യ പറഞ്ഞു.
മോദിയുടെ കീഴില്‍ വ്യോമയാന മേഖലയെ താന്‍ മുന്നോട്ട് നയിക്കുമെന്ന്
സിന്ധ്യ പറഞ്ഞു.
19 വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് എത്തിയത്.
കോണ്‍ഗ്രസ് വിട്ട് എത്തിയ സിന്ധ്യയ്ക്ക് ബി.ജെ.പി പ്രത്യേക പരിഗണന തന്നെയാണ് നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു സിന്ധ്യയുടെ പിണങ്ങിപ്പോക്ക്.
മധ്യപ്രദേശില്‍ ബി.ജെ.പി.യുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ.
മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ബി.ജെ.പിയിലെത്തിയത്. സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടമാവുകയും ചെയ്തിരുന്നു.