ജയ്പൂർ: നാലു ഭാര്യമാരും 36 കുട്ടികളും എന്ന രീതി അനുവദിക്കില്ലെന്നും രാജ്യത്ത് ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്നും രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബൽമുകുന്ദ് ആചാര്യ. ഏകീകൃത ജനസംഖ്യാ നയത്തിൻ്റെ ഭാഗമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് ആചാര്യയുടെ പ്രസ്താവന.
രാജ്യത്തെ ജനസംഖ്യ വഷളായി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ട് വരണമെന്നും ആചാര്യ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ആചാര്യയുടെ അഭിപ്രായ പ്രകടനം.
‘ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് ഞാൻ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ വേദന അനുഭവിച്ചു. ഇന്ന്, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം, രാജ്യത്തുടനീളം നടപ്പിലാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പിലാക്കുന്നു.
റാമിനും റഹീമിനും യാതൊരു വിവേചനവുമില്ലാതെ ആനുകൂല്യങ്ങൾ നൽകുമ്പോൾ, എന്തുകൊണ്ട് എല്ലാവർക്കും സമാനമായ നിയമങ്ങൾ പാടില്ല? രാജ്യം പുരോഗതി കൈവരിക്കേണ്ടതുണ്ട്, അതിന് വേണ്ടി നമ്മൾ നമ്മുടെ പരമാവധി ശ്രമിക്കേണ്ടതുണ്ട്,’ ആചാര്യ പറഞ്ഞു.
ഒരു രാജ്യം, ഒരു നിയമം രാജ്യത്ത് ഉടൻ നടപ്പാക്കണമെന്ന് പറഞ്ഞ ആചാര്യ, രാജസ്ഥാനിൽ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കണമെന്ന ആവശ്യം താൻ ഇതിനകം ഉന്നയിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് കത്തെഴുതുമെന്നും ചൂണ്ടിക്കാട്ടി
കഴിഞ്ഞ ആഴ്ച, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ലോക ജനസംഖ്യാ ദിനത്തിൽ ഒരു വിഭാഗം ആളുകൾ സർക്കാരിൻ്റെ ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും പറഞ്ഞിരുന്നു.
‘ഈ ക്യാമ്പയിൻ വ്യത്യസ്തമാണ്, എല്ലാവരും ഇതിൽ പങ്കാളികളാകണം. എന്നാൽ ഒരു വിഭാഗത്തിൽ മാത്രം ഒരു മാറ്റവും ഞങ്ങൾ കാണുന്നില്ല. ഭാവിയിൽ ജനസംഖ്യ വർധിച്ചാൽ പല പ്രശ്‌നങ്ങളും വർധിക്കുമെന്ന് അത്തരക്കാരെ ബോധവത്കരിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: 4 begums, 36 kids can’t be allowed, Rajasthan BJP MLA Balmukund Acharya wants population control law