സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശം രാജ്യവിരുദ്ധമല്ല; വിമര്‍ശിക്കുന്നവരും രാജ്യസ്‌നേഹികളാണ്; കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തിനെതിരെ പ്രസ്താവനയിറക്കി 300 അഭിഭാഷകര്‍
national news
സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശം രാജ്യവിരുദ്ധമല്ല; വിമര്‍ശിക്കുന്നവരും രാജ്യസ്‌നേഹികളാണ്; കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തിനെതിരെ പ്രസ്താവനയിറക്കി 300 അഭിഭാഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 7:01 pm

ന്യൂദല്‍ഹി: വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യാ-വിരുദ്ധ ഗ്യാങ്ങാണെന്ന കേന്ദ്ര നിയമവകുപ്പ് മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തില്‍ അപലപിച്ച് അഭിഭാഷകര്‍. സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതിയിലെയും 300 അഭിഭാഷകരാണ് ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്.

സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒരിക്കലും ഇന്ത്യാ വിരുദ്ധമല്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശം ഇന്ത്യയ്‌ക്കെതിരെയോ രാജ്യവിരുദ്ധമോ അല്ലെന്ന് മന്ത്രിയെ ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു. വിരമിച്ച ജഡ്ജിമാര്‍ക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശം വിയോജിപ്പുകളുടെ ശബ്ദം അംഗീകരിക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്,’ പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും രാജ്യസ്‌നേഹികളാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഭരണത്തിലെ പോരായ്മകളെ ചൂണ്ടിക്കാട്ടുന്നത് മനുഷ്യാവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം ചൂഷണവും പരിഹാസവും മന്ത്രിയുടെ ഉന്നത പദവിക്ക് ചേരുന്നതല്ല. നിയമം നടപ്പിലാക്കുന്നതിന് ജീവിതം സമര്‍പ്പിച്ച വ്യക്തികള്‍ രാജ്യവിരുദ്ധരാണെന്ന് പറയുന്നത് നമ്മുടെ മഹത്തായ രാജ്യത്തിന്റെ പുതിയ അധപതനത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കേണ്ടത് നിമയമന്ത്രിയായ കിരണ്‍ റിജിജുവിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ അല്ല രാഷ്ട്രമെന്നും രാഷ്ട്രം അല്ല സര്‍ക്കാരെന്നും അദ്ദേഹം മനസിലാക്കണം.

നമ്മുടെ ഭരണഘടനയില്‍ സര്‍ക്കാരിനെ പാര്‍ലമെന്റില്‍ നിന്ന് മാത്രമേ വിമര്‍ശിക്കാന്‍ പാടുള്ളൂവെന്നോ ഏതെങ്കിലും വ്യക്തികളേ വിമര്‍ശിക്കാവൂ എന്നോ പറയുന്നില്ല. ഏതൊരു സര്‍ക്കാരിന്റെയും നയങ്ങളിലും പ്രവര്‍ത്തികളിലും വിയോജിക്കാനും വിമര്‍ശിക്കാനും ഉള്ള അവകാശമുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.

മന്ത്രിയുടെ പരാമര്‍ശങ്ങള്‍ പരസ്യമായി പിന്‍വലിക്കണമെന്നും ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 18ല്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവിലായിരുന്നു റിജിജുവിന്റെ വിവാദ പരാമര്‍ശം. വിരമിച്ച ചില ജഡ്ജിമാര്‍ ആക്ടിവിസ്റ്റുകളാണെന്നും അവര്‍ ഇന്ത്യാ വിരുദ്ധ ഗ്യാങ്ങിന്റെ ഭാഗമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിലുള്ള ന്യായാധിപര്‍ ജുഡീഷ്യറിയെ ഇന്ത്യന്‍ ഗവണ്‍മെന്റെിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘അടുത്തിടെ ജഡ്ജിമാരുടെ വിശ്വാസ്യത എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാറുണ്ടായിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവ് എങ്ങനെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച മുഴുവന്‍. ചില ജഡ്ജിമാരുണ്ട്, അവര്‍ ആക്ടിവിസ്റ്റുകളാണ്. ഇന്ത്യാ വിരുദ്ധ ഗ്യാങ്ങിന്റെ ഭാഗവുമാണ്.

അവര്‍ പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ജുഡീഷ്യറിയെ ഗവണ്‍മെന്റിനെതിരെ തിരിക്കാനാണ് ശ്രമിക്കുന്നത്. ന്യായാധിപരൊന്നും തന്നെ രാഷ്ട്രീയകക്ഷികളുടെ ഭാഗമല്ല, പിന്നെയെന്തു കൊണ്ടാണിവര്‍ എക്സിക്യൂട്ടീവിനെതിരെ പറയുന്നത്. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും,’ റിജിജു പറഞ്ഞു.

content highlight: 300 advocates reliesed a statement against kiran rijiju