national news
സംഭാൽ സംഘർഷമുണ്ടായി മൂന്ന് മാസത്തിന് ശേഷവും, വീട്ടിലേക്ക് മടങ്ങാതെ ഗ്രാമവാസികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 16, 07:02 am
Sunday, 16th February 2025, 12:32 pm

സംഭാൽ: സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവിന് പിന്നാലെയുണ്ടായ വർഗീയ സംഘർഷം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്കിപ്പുറവും ഗ്രാമത്തിലേക്ക് തിരിച്ച് വരാൻ ഭയന്ന് ഗ്രാമവാസികൾ. ആക്രമണമോ അറസ്റ്റോ ഭയന്ന് ഗ്രാമവാസികൾ പലായനം ചെയ്തതിനാൽ 1,000ത്തിലധികം വീടുകൾ പൂട്ടിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2024 നവംബർ 19ന് ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹരജിയെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹരജിക്ക് പിന്നാലെ നവംബർ 24 ന് മുഗൾ കാലഘട്ടത്തിലെ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനക്കിടെ കല്ലേറുണ്ടാവുകയും 5 പേർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പിന്നാലെ സംഭാലിലെ ഗ്രാമവാസികൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയായിരുന്നു. നടപടി ഭയന്ന് പലായനം ചെയ്ത ഗ്രാമവാസികളിൽ ചിലർ പൂട്ടിയിട്ട വീടുകൾക്ക് പുറത്ത് തങ്ങൾ എന്തിനാണ് പലായനം ചെയ്തതെന്ന് വിശദീകരിക്കുന്ന കത്തുകൾ വെച്ചിട്ടുണ്ട്.

ഒരു താമസക്കാരൻ തന്റെ കുടുംബാംഗത്തിന്റെ റേഡിയോളജി റിപ്പോർട്ട് വീടിന് പുറത്ത് വെച്ചിട്ടുണ്ട്. അതിൽ കാൻസർ ചികിത്സയ്ക്കായി
ദൽഹിയിലേക്കു പോയതായി പ്രസ്താവിക്കുന്ന ഒരു കുറിപ്പുമുണ്ട്.

‘ആയിരത്തോളം വീടുകൾ പൂട്ടിക്കിടക്കുകയാണ്, താമസക്കാർ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. നിരപരാധികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഞങ്ങൾ നിരന്തരം ഉറപ്പുനൽകുന്നു,’ സംഭാൽ പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ പറഞ്ഞു. ഹിന്ദ്പുര, കോട് ഗർവി, നഖസ, ദീപ സരായ് തുടങ്ങിയ പ്രദേശങ്ങളിലാണ് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ. മിക്ക താമസക്കാരും ദൽഹിയിലേക്ക് പോയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

അതേസമയം, അക്രമത്തെത്തുടർന്ന് പൊതു സ്വത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ് ഉത്തർപ്രദേശ് സർക്കാർ വിലയിരുത്തിവരികയാണ്. കലാപത്തിൽ സർക്കാർ വാഹനങ്ങൾക്കും , സ്വകാര്യ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. കെട്ടിടങ്ങൾക്കും പൊലീസിനും നേരെ കല്ലേറുണ്ടായി.

അന്വേഷണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 86 പേരെ സംഭാൽ പൊലീസ് തിരയുന്നുണ്ട്. ഇതുവരെ 21 പേർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള റെയ്ഡുകളും നടക്കുന്നുണ്ട്.

 

Content Highlight: 3 months after Sambhal clashes, many homes locked as crackdown still on