ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ സ്‌കൂളിന്റെ അഭിവൃദ്ധിക്ക് വേണ്ടി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാനേജറും അധ്യാപകരും ചേര്‍ന്ന് ബലി കൊടുത്തതായി റിപ്പോര്‍ട്ട്. സ്‌കൂളിന്റെ അഭിവൃദ്ധിക്കും മാനേജരുടെ കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി യാഗം നടത്തിയിരുന്നതായും, ഇതിനായാണ് വിദ്യാര്‍ത്ഥിയെ ബലി കൊടുത്തതെന്നുമാണ് പൊലീസ് പറഞ്ഞത്.
കൊലപാതകത്തില്‍ സ്‌കൂള്‍ മാനേജര്‍ ദിനേശ് ബാഗേല്‍, അയാളുടെ പിതാവ് ജസോദന്‍ സിങ്, പ്രിന്‍സിപ്പല്‍ ലക്ഷ്മണ്‍ സിങ്, അധ്യാപകരായ വീര്‍പാല്‍, രാം പ്രകാശ് സോളങ്കി എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ് അറിയിച്ചു.
തുടക്കത്തില്‍ കുട്ടി അസുഖം മൂലമാണ് മരിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.
സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി ഉറങ്ങിക്കിടക്കുമ്പോഴാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ കുട്ടിയുടെ കോളര്‍ബോണ്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
വായില്‍ തുണി കെട്ടിയ ശേഷം പ്രതികള്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുട്ടി സഹായത്തിനായി നിലവിളിച്ചപ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ അധ്യാപകര്‍ കാവല്‍ നിന്നതായും പൊലീസ് പറഞ്ഞതായി ഹിന്ദുസഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂളിന്റെയും ഉടമയുടെ കുടുംബത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടിയാണ് വിദ്യാര്‍ത്ഥിയെ ബലിയര്‍പ്പിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബലിയര്‍പ്പണത്തിന്റെ ഭാഗമായി പ്രതികള്‍ കുട്ടിയുടെ മുടി ഒരു വശത്ത് നിന്ന് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. കൂടാതെ സ്‌കൂള്‍ മാനേജറും പിതാവും മന്ത്രവാദം അഭ്യസിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.