ടുജി സ്‌പെക്ട്രം ലേലം: 61162 കോടിയുടെ ലേല വാഗ്ദാനം
India
ടുജി സ്‌പെക്ട്രം ലേലം: 61162 കോടിയുടെ ലേല വാഗ്ദാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2014, 6:40 am

[share]

[]ന്യൂദല്‍ഹി: പത്തുദിവസം നീണ്ടുനിന്ന ടുജി സ്‌പെക്ട്രം ലേലം വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാറിന് 61162 കോടി രൂപയുടെ ലേലവാഗ്ദാനം ലഭിച്ചു.

ടുജി സേവനത്തിനുപയോഗിക്കുന്ന 900 മെഗാഹെര്‍ട്‌സും 1800 മെഗാഹെര്‍ട്‌സുമുള്ള ബാന്‍ഡുകളുടെ ലേലമാണ് നടന്നത്. എട്ട് ടെലികോംകമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ 68 തവണ ലേലം നടന്നതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.

2010ല്‍ നടത്തിയ 3 ജി സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച തുകയുടെ 90 ശതമാനം 2 ജി സ്‌പെക്ട്രം ലേലത്തിലൂടെ ലഭിച്ചു. 3 ജി ലേലത്തിലൂടെ 67,718.95 കോടിരൂപയാണ് സര്‍ക്കാറിന് ലഭിച്ചിരുന്നത്.

20 വര്‍ഷത്തേക്കുള്ള ലൈസന്‍സാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. ലേലത്തുക ഗഡുക്കളായി 2026 നകം നല്‍കിയാല്‍ മതിയാകും.

ലേലവാഗ്ദാനം നല്‍കിയ കമ്പനികള്‍ മാര്‍ച്ച് 31-നകം തുക ഗഡുക്കളായി അടക്കുകയാണെങ്കില്‍ ഈ സാമ്പത്തികവര്‍ഷം തന്നെ സര്‍ക്കാറിന് 18,296.36 കോടി രൂപ ലഭിക്കും.

ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 900 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ കമ്പനികള്‍ സ്വന്തമാക്കി.

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം, എയര്‍സെല്‍, ടാറ്റ ടെലിസര്‍വീസസ്, ടെലിവിങ്‌സ് (യൂണിനോര്‍), റിലയന്‍സ് കമ്യുണിക്കേഷന്‍സ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്.