സതി ആചരിക്കാന്‍ നിര്‍ബന്ധിച്ചു; രാജസ്ഥാനില്‍ എന്‍ജിനീയറിങ് ബിരുദധാരി ജീവനൊടുക്കി
national news
സതി ആചരിക്കാന്‍ നിര്‍ബന്ധിച്ചു; രാജസ്ഥാനില്‍ എന്‍ജിനീയറിങ് ബിരുദധാരി ജീവനൊടുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st May 2023, 3:04 pm

അഹമ്മദാബാദ്: ദീര്‍ഘകാലമായി നിര്‍ത്തലാക്കപ്പെട്ട സതി ആചരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 28കാരിയായ എന്‍ജിനീയര്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ബില്‍വാഡയിലാണ് സംഭവം. സംഗീത ലഖ്‌റയാണ് കുറിപ്പ് എഴുതി വെച്ചശേഷം ജീവനൊടുക്കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10ന് ഭര്‍ത്താവ് മരിച്ചതിന് ശേഷം അവരുടെ നിയമ പ്രകാരം നേരിടേണ്ടി വന്ന പീഡനങ്ങളെ വിശദീകരിച്ചുകൊണ്ടാണ് സംഗീത കുറിപ്പ് എഴുതിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ സംഗീതയുടെ അച്ഛന്‍ രമേശ് ലഖ്‌റ സബര്‍മതി വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഗീതയുടെ ഭര്‍ത്താവിന്റെ അമ്മക്കെതിരെയും മറ്റു നാല് പേര്‍ക്കെതിരെയുമാണ് ആത്മഹത്യ പ്രേരണകുറ്റവും ഗാര്‍ഹിക പീഡനവും ചൂണ്ടിക്കാട്ടി രമേശ് പരാതി നല്‍കിയിരിക്കുന്നത്. മകള്‍ വിഷാദത്തിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മെയ് 10നായിരുന്നു സംഗീതയെ കാണാതായത്. മെയ് 11ന് സംഗീതയെ സബര്‍മതി നദിയില്‍ നിന്നും കണ്ടെത്തി. തന്നോട് ക്ഷമിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ നിമേശിന് സംഗീത സന്ദേശം അയച്ചതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയായ സംഗീത ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അമ്മ വീടായ സൂറത്തിലേക്ക് താമസം മാറിയിരുന്നു. വെസുവിലെ ഒരു മാളില്‍ ജോലിക്ക് പോകുകയും ചെയ്തിരുന്നു.

സംഗീത തന്റെ ഡയറിക്കുള്ളിലായിരുന്നു ആത്മഹത്യക്കുറിപ്പ് വെച്ചിരുന്നത്. തന്റെ ഭര്‍ത്താവിന്റെ അമ്മ കൈലാഷ് ദേവി ലഖ്‌റയും കുടുംബത്തിലെ മറ്റ് നാല് പേരും തന്നെ സതി ചെയ്യാന്‍ ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായി സംഗീത ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഒരു നല്ല സ്ത്രീയാണ് താനെങ്കില്‍ സതി ചെയ്യണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു.

ഭര്‍ത്താവ് വിഷ്ണു കുമാര്‍ മരിച്ചതിന് ശേഷം സംഗീത ഭര്‍തൃ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് പിന്നീട് സൂറത്തിലെ അമ്മ വീട്ടിലേക്ക് മാറുകയായിരുന്നുവെന്ന പരാതിയില്‍ പറയുന്നു. ഭര്‍തൃ വീട്ടുകാരുടെ ഉപദ്രവത്താല്‍ കഴിഞ്ഞ ഒരു വര്‍ഷമായി സംഗീത വിഷാദത്തിലായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

1987ലെ കമ്മിഷന്‍ ഓഫ് സതി ആക്ട് പ്രകാരം 1988ല്‍ ദീര്‍ഘകാലമായി നിര്‍ത്തപ്പെട്ട സതി ആചരിക്കുന്നതിനെതിരെയുള്ള നിയമം കര്‍ശനമാക്കിയിരുന്നു.

CONTENTHIGHLIGHT: 28Year old engineer commit suicide over pressure to become sati