രാജസ്ഥാനില്‍ ഗോരക്ഷകര്‍ അടിച്ചുകൊന്നയാള്‍ പശുക്കള്ളനെന്നും മര്‍ദ്ദിച്ചത് പൊലീസാണെന്നും ബി.ജെ.പി എം.എല്‍.എ
Mob Lynching
രാജസ്ഥാനില്‍ ഗോരക്ഷകര്‍ അടിച്ചുകൊന്നയാള്‍ പശുക്കള്ളനെന്നും മര്‍ദ്ദിച്ചത് പൊലീസാണെന്നും ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2018, 9:17 pm

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷകര്‍ കൊലപ്പെടുത്തിയ അക്ബര്‍ ഖാന്‍ പശുക്കള്ളനാണെന്ന് ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ.  അക്ബര്‍ ഖാനെ പിടിച്ചുവെച്ചവര്‍ കുറച്ചു മാത്രമേ അടിച്ചിട്ടുള്ളൂവെന്നും പൊലീസ് ആണ് മര്‍ദ്ദിച്ചതെന്നും ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു.

“സംഭവമുണ്ടായാല്‍ പൊലീസിനെ അറിയിക്കണമെന്നും അക്രമമുണ്ടാക്കരുതെന്നും ഞാന്‍ പൊലീസിനെ അറിയിച്ചതാണ്. അവര്‍ പശുക്കടത്തുകാരനെ ചെറുതായി അടിക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്യുകയാണുണ്ടായത്. പൊലീസ് പശുക്കടത്തുകാരനെ കസ്റ്റഡിയിലെടുക്കുകയും നടപടിയെടുത്തുവെന്ന് ആളുകളെ കാണിക്കാന്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് തനിക്ക് കിട്ടിയ വിവരം.” ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു.

അക്ബര്‍ ഖാനും സുഹൃത്തും ഹരിയാനയിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് ആല്‍വറിലെ ലാലവണ്ടി കാട്ടിലൂടെ പശുക്കളെയും കൊണ്ടുപോകുമ്പോള്‍ അഞ്ചംഗ സംഘം വെള്ളിയാഴ്ച ആക്രമിക്കുകയായിരുന്നു. കാണ്‍പൂരിലെ ഗ്രാമത്തില്‍ നിന്ന് 60,000 രൂപയ്ക്കാണ് ഇവര്‍ പശുക്കളെ വാങ്ങിയത്. പരിക്കേറ്റ അസ്‌ലം രക്ഷപ്പെട്ടിരുന്നു.

ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ആല്‍വാറില്‍ കഴിഞ്ഞ വര്‍ഷം ഗോരക്ഷകര്‍ തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച.

 

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഇന്നലെ സഭയില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഓരോ സംസ്ഥാന സര്‍ക്കാരുകളും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്രത്തിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണ് ഇതെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.

നിയമം കയ്യിലെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും പശുക്കടത്തിന്റേയും മറ്റും പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന നടപടി അങ്ങേയറ്റം ഖേദകരമാണെന്നും സര്‍ക്കാര്‍ കര്‍ശന നടപടി തന്നെ വിഷയത്തില്‍ കൈക്കൊള്ളണമെന്നും ചൊവ്വാഴ്ച സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.