'നോട്ട് നിരോധനം അടിവേരിളക്കി'; ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പൂട്ടിയത് 2.24 ലക്ഷം കമ്പനികള്‍; തൊഴില്‍ നഷ്ടപ്പെട്ടത് 60 ലക്ഷത്തിലധികം പേര്‍ക്ക്
Daily News
'നോട്ട് നിരോധനം അടിവേരിളക്കി'; ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പൂട്ടിയത് 2.24 ലക്ഷം കമ്പനികള്‍; തൊഴില്‍ നഷ്ടപ്പെട്ടത് 60 ലക്ഷത്തിലധികം പേര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2017, 9:57 am

കോഴിക്കോട്: മോദി സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. രാജ്യത്ത് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന പലരെയും നോട്ട് നിരോധനം പ്രത്യക്ഷമായി തന്നെ ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോട്ട് അസാധുവാക്കല്‍ നിലവില്‍വന്ന ശേഷം രാജ്യത്താകെ 2,24,000 വ്യവസായ സ്ഥാപനങ്ങളാണ് പൂട്ടിയത്.


Also Read: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യ കണ്ടെത്തിയത് വിമാനയാത്രക്കിടെ; ദോഹയില്‍ പോകേണ്ട വിമാനം ചെന്നൈയില്‍ ഇറക്കിച്ച് യുവതി


ഈ കമ്പനികള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിനെ ഉദ്ധരിച്ച സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016 നവംബര്‍ എട്ടുമുതല്‍ നവംബര്‍ അഞ്ചുവരെയുള്ള കണക്കുകള്‍ പ്രകാരമാണ് രാജ്യത്ത് 2,24000 കമ്പനികള്‍ പൂട്ടിയിരിക്കുന്നത്. കഴിഞ്ഞമാസം വരെ 2,0,4000 കമ്പനികളാണ് പൂട്ടിയിരുന്നത്. നവംബര്‍ അഞ്ചാകുമ്പോഴേക്കും 2,24,000 ആയി ഉയരുകയായിരുന്നു.

വന്‍തോതില്‍ കമ്പനികള്‍ അടച്ച് പൂട്ടിയതോടെ 60 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായും കണക്കുകള്‍ പറയുന്നു. രാജ്യത്തെ 56 ബാങ്കുകളിലായി 56,000 അക്കൗണ്ടുകളായി 1700 കോടിയുടെ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. 35000 കമ്പനികളാണ് നിക്ഷേപം പൂര്‍ണമായി പിന്‍വലിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ വന്നതോടെ ഇവയുടെ ആസ്തി കടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നോട്ടു നിരോധനം വിഘാതമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെ ആദ്യ നാല് മാസത്തെ കണക്കില്‍ 15 ലക്ഷം തൊഴിലവസരങ്ങളാണ് കുറഞ്ഞത്.


Dont Miss: ഗുജറാത്തില്‍ 3350 വി.വിപാറ്റുകളില്‍ അട്ടിമറി കണ്ടെത്തിയ സംഭവം: തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നോട്ടീസ്


ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അത് 90 ലക്ഷമായി ഉയര്‍ന്നതായും സി.എം.ഐ.ഇ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലോടെ രാജ്യത്ത് സാമ്പത്തികമാന്ദ്യവും രൂക്ഷമായി. നോട്ട് നിരോധനത്തെത്തുടര്‍ന്ന് സാമ്പത്തിക രംഗത്ത് മാന്ദ്യമാണുണ്ടായതെന്ന് നേരത്തെ റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ദരും വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം മന്ദഗതിയിലായ കമ്പനികള്‍ പിടിച്ചു നില്‍ക്കാനാകാതെ പൂട്ടുകയായിരുന്നു. നഷ്ടത്തിലായിരുന്ന കമ്പനികള്‍ക്ക് നോട്ട് നിരോധനത്തോടെ തീരെ പിടിച്ച നില്‍ക്കാന്‍ കഴിയാതെ പോവുകയായിരുന്നു. നഷ്ടത്തിലായ കമ്പനികളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കാണിച്ച് രജിസ്‌ട്രേഷന്‍ പിന്‍വലിച്ചത്.

രാജ്യത്ത് പൂട്ടിയ കമ്പനികളില്‍ ഭൂരിഭാഗവും ചെറുകിടതുണിമില്ലുകളാണ്. കഴിഞ്ഞ 11 മാസത്തിനിടെ നഗരങ്ങളിലെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയായിരുന്നു. 8.2 ശതമാനമാണ് ശരാശരി നിരക്ക്. തൊഴിലില്ലായ്മ യുവാക്കളെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചതായും സി.എം.ഐ.ഇ റിപ്പോര്‍ട്ട് പറയുന്നു.