2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ആദ്യ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.
എന്നാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്തുന്നത് ടീമിന് മുന്‍തൂക്കം നല്‍കുന്നുമെന്നും ഐ.സി.സിയുടെ ഷെഡ്യൂള്‍ ഇന്ത്യയ്ക്ക് അന്യായമായ പരിഗണന നല്‍കുന്നുവെന്നും മുന്‍ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര.
‘ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷെഡ്യൂള്‍ ലഭ്യമായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാതിരുന്നത്. ഐ.സി.സിയും ബി.സി.സി.ഐയും ഒരു നിഷ്പക്ഷ വേദി കണ്ടെത്താന്‍ ശ്രമിച്ചു. ഇന്ത്യ മുമ്പ് നിഷ്പക്ഷമായ ഒരു സ്ഥലത്ത് പാകിസ്ഥാനെ നേരിട്ടിട്ടുണ്ട്, പാകിസ്ഥാനുമായി അടുത്തുനില്‍ക്കുന്ന യു.എ.ഇ അനുയോജ്യമായ ഒരു ഓപ്ഷനായി തോന്നി,’ ,’ പൂജാര റെവ്‌സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
മാത്രമല്ല ഇന്ത്യയ്ക്ക് മുന്‍തൂക്കമുള്ളത് ബൗളിങ് യൂണിറ്റിലാണെന്നും നാല് മികച്ച സ്പിന്നര്‍മാരുടെ ശക്തമായ പിന്‍ബലം ഇന്ത്യയ്ക്ക് ഉണ്ടെന്നും പൂജാര പറഞ്ഞു. അക്‌സര്‍ പട്ടേല്‍, കുല്‍ദിപ് യാദവ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നീ പ്രധാന സ്പിന്നര്‍മാര്‍. ഇത് മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഒരു പ്രധാന മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘അതൊരു അന്യായമായ നേട്ടമായി ഞാന്‍ കാണുന്നില്ല. ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ദുബായില്‍ കളിച്ചതുകൊണ്ടാണെന്ന് ആരും കാരണമായി പറയില്ല. ദുബായ് ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ല. യഥാര്‍ത്ഥ നേട്ടം ഇന്ത്യക്കുള്ള കഴിവിലാണ്, പ്രത്യേകിച്ച് ടീമിലെ ഓള്‍റൗണ്ടര്‍മാരുടെയും സ്പിന്നര്‍മാരുടെയും എണ്ണത്തിലാണ്,’ പൂജാര പറഞ്ഞു.
Content Highlight: 2025 Champions Trophy: Cheteshwar Pujara Talking About Indian Team