2018 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് അവസാനമായി. ചെറുടീമുകളുടെ ചെറുത്തുനില്പുകള്‍,അപ്രതീക്ഷിത മുന്നേറ്റങ്ങള്‍,പുറത്താവലുകള്‍ എന്നിവകളാല്‍ ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു ഇപ്രാവശ്യത്തെ ഗ്രൂപ്പ് മത്സരങ്ങള്‍. ആദ്യം എടുത്തുപറയേണ്ടത് വീഡിയോ അസിസ്റ്റന്റ് റഫറി എന്ന സാങ്കേതിക വിദ്യയുടെ ഉപയോഗമാണ്. അനാവശ്യ ഫൗളുകളെ തിരിച്ചറിയാനും അര്‍ഹിച്ച ഗോളും പെനാല്‍റ്റിയും അനുവദിക്കാനും ഇത് ഏറെ സഹായിച്ചു. അതോടൊപ്പം തന്നെ കളിയുടെ രസച്ചരട് മുറിക്കുകയും ചില ടീമുകള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്തത് വാറിനെതിരെ പിറുപിറുപ്പുകളുയര്‍ത്തി.
കഴിഞ്ഞ 49 മത്സരങ്ങളിലായി ഇതുവരെ 883 ഫൗളുകള്‍,അനുവദിച്ചത് 24 പെനാല്‍റ്റികള്‍. ഗ്രൂപ്പ് മത്സരങ്ങള്‍ വരെയുള്ള പെനാല്‍റ്റികളുടെ എണ്ണത്തില്‍ ഈ ലോകകപ്പാണ് മുന്നില്‍. 15 മഞ്ഞ കാര്‍ഡുകളും 3 ചുവപ്പ് കാര്‍ഡുകളും കണ്ട മത്സരങ്ങളില്‍ വീണത് 122ഗോളുകള്‍. ഇതില്‍ ഇഞ്ച്വറി ടൈമില്‍ അടിച്ചത് 16 എണ്ണം,9 എണ്ണം സെല്‍ഫ് ഗോളും. ഒരേയൊരു ഗോള്‍രഹിത സമനില മാത്രമാണ് ഇതുവരെയുണ്ടായത്-ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മിലുള്ള മത്സരത്തില്‍.
ചെറുടീമുകള്‍ കടുത്ത മത്സരം കാഴ്ചവച്ച ഗ്രൂപ്പ്ഘട്ടം പലപ്പോഴും നാടകീയതകള്‍ നിറഞ്ഞതായിരുന്നു.വമ്പന്‍ ടീമുകളെ സമനിലയില്‍ കെട്ടിയിട്ടും അവര്‍ക്കെതിരെ വന്‍പ്രതിരോധം തീര്‍ത്തും ചെറുടീമുകള്‍ ഭീഷണിയുയര്‍ത്തി. അപ്രധാനടീമുകളെന്ന് എഴുതിത്തള്ളിയവയായിരുന്നു അവയെല്ലാം. അത്തരത്തില്‍ വന്ന് ആദ്യം ഞെട്ടിച്ചത് ഐസ്ലാന്റ് ആയിരുന്നു. ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ തന്നെ ഒരു ഗോളിന്റെ സമനിലയില്‍ പിടിച്ചു നിര്‍ത്തി. ബാസ്പാര്‍ക്കിങ് എന്ന പ്രതിരോധ തന്ത്രവുമായാണ് ഐസ്ലാന്റുകാര്‍ എത്തിയത്.
ആ കളിയില്‍ തന്നെയാണ് മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തി ഏറെ പഴി കേള്‍ക്കേണ്ടിവന്നതും.ഹല്ലോ ഡോര്‍സന്റെ മികച്ച 7 സേവുകള്‍,ഫിന്‍ ബൊഗാസണിലൂടെ രാജ്യത്തിന്റെ ആദ്യ ലോകകപ്പുഗോള്‍… ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും ഐസ്ലാന്റിന് ഓര്‍ത്തുവെക്കാന്‍ ഏറെയുണ്ട്.
ക്രൊയേഷ്യ ടീമിന്റെ അസാധ്യ പ്രകടനത്തിനും ഇരയാവേണ്ടിവന്നത് അര്‍ജന്റീന തന്നെ. 3-0എന്ന നിലയില്‍ അര്‍ജന്റീനയെ വിറപ്പിച്ചപ്പോള്‍ ആരാധകര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു,ഒപ്പം നാണക്കേടും. എതിരാളികളുടെ പിഴവുകള്‍ മുതലെടുത്ത് അവര്‍ക്ക് കളിക്കാനായി. അര്‍ജന്റീന ഗോളി കാബെല്ലറോയുടെ പിശകില്‍ നിന്നായിരുന്നു ക്രൊയേഷ്യയുടെ ഏകപക്ഷീയമായ വിജയം. ലൂക്ക മോഡ്രിച്ച്,ഇവാന്‍ റാക്കിറ്റിച്ച്,ഇവാന്‍ പെരിസിച്ച് എന്നിവരുടെ ഗോളുകളാണ് ക്രൊയേഷ്യയെ തുടര്‍ച്ചയായ 3 ലോകകപ്പ് മാച്ചുകള്‍ വിജയിപ്പിച്ചത്. നൈജീരിയയ്ക്കും ഐസ്ലാന്റിനും എതിരെയായിരുന്നു മറ്റു രണ്ട് ജയങ്ങള്‍. മികച്ച മുന്നേറ്റനിരയുടെയും മധ്യനിരയുടെയും പിന്‍ബലത്തില്‍ ആത്മാവിശ്വാസത്തോടെയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
ഏഷ്യന്‍ ശക്തികളായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നവരാണ് ജപ്പാന്‍. നിലവില്‍ 61ാം സ്ഥാനത്തുള്ള ജപ്പാന്റെ 6ാമത്തെ ലോകകപ്പാണിത്.17 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് ജപ്പാന്‍ ഇതുവരെ അടിച്ചത്. ജയിംസ് റോഡ്രിഗസിന്റെ കൊളംബിയയെ 2-1ന് വിറപ്പിച്ചായിരുന്നു ജപ്പാന്റെ അപ്രതീക്ഷിത മുന്നേറ്റം.യുവ ഒസാകയുടെ ഉശിരന്‍ ഹെഡറി ലൂടെ ജപ്പാന്‍ ലീഡ് നേടി. മിഡ്ഫീല്‍ഡറായ കെയ്‌സുകി ഹോണ്ടയുടെ ഷോട്ടില്‍ ആഫ്രിക്കന്‍ ശക്തികളായ സെനഗലിനെ സമനിലയില്‍ കെട്ടുകയും ചെയ്തു. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ആഫ്രിക്കന്‍ ശക്തിയെ ലോകകപ്പില്‍ മുട്ടുകുത്തിച്ചു പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്. പുറത്തായെങ്കിലും മറ്റൊരു ഏഷ്യന്‍ രാജ്യമായ ഇറാന്റെ പ്രതിരോധം എടുത്തുപറയേണ്ടതാണ്.
ദക്ഷിണ കൊറിയയുടേത് തകര്‍പ്പന്‍ കളി ആയിരുന്നില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മുന്‍ ചാമ്പ്യന്മാരെ പുറത്താക്കുക എന്ന ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു. ഇഞ്ച്വറി ടൈമില്‍ കിംയോങ് ഗ്വോനും സന്‍ ഹെന്റി മിനും അടിച്ചു കയറ്റിയ ആ രണ്ടു ഗോള്‍ മതിയായിരുന്നു ജര്‍മനിയെ റഷ്യയില്‍ നിന്ന് പറഞ്ഞയക്കാന്‍. പന്ത് 74%വും ജര്‍മ്മനിയുടെ കൈവശമായിരുന്നെങ്കിലും കൊറിയന്‍ പ്രതിരോധം വഴിമുടക്കിനിന്നു. ഒടുവില്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറിന് തന്നെ അറ്റാക്കിങ്ങിലേക്ക് ഇറങ്ങേണ്ടിവന്നു. പക്ഷേ ഒന്നിനും ജര്‍മനിയെ തിരിച്ചു കൊണ്ടുവരാനായില്ല.
ഹാരി കെയ്ന്‍(5,ഇംഗ്ലണ്ട്), റൊമേലു ലുക്കാക്കു(4,ബെല്‍ജിയം), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(4,പോര്‍ച്ചുഗല്‍) ടെന്നിസ് ചെറിഷേവ്(3,റഷ്യ)ഡീഗോ കോസ്റ്റ(3,സ്പെയിന്‍) എന്നിവരാണ് ഗോള്‍ഡന്‍ ബൂട്ടിനായി ഈ ലോകകപ്പില്‍ മത്സരിക്കുന്നത്.ലോകകപ്പിലെ നൂറാമത്തെ ഗോള്‍ മെസ്സിയുടെ കാലില്‍ നിന്ന് പിറന്നതും പെലെ കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ നൈജീരിയയുടെ മുഹമ്മദ് മൂസയുടെ ആദ്യ ലോകകപ്പ് ഗോളും സുവര്‍ണ നിമിഷങ്ങളാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ട അട്ടിമറികളുടെ തുടര്‍ച്ചയായിരിക്കാം ചിലപ്പോള്‍ പ്രീക്വാര്‍ട്ടറിലും.പുതിയ താരോദയങ്ങള്‍ ഇനിയും ഉണ്ടായേക്കാം.എന്തായാലും ഇതുവരെ ഉണ്ടായപോലെ ടീമുകളുടെ കഷ്ടിച്ചുള്ള രക്ഷപ്പെടലുകളൊന്നും ഇനി വിലപ്പോവില്ല.കാരണം കുഞ്ഞന്മാര്‍ തങ്ങളുടേതായ കളി പുറത്തെടുത്തു കഴിഞ്ഞിരിക്കുന്നു. അവര്‍ വിജയം രുചിച്ചുതുടങ്ങി. ഇനി അവരെ പിടിച്ചുകെട്ടാന്‍ മറ്റു ടീമുകള്‍ നന്നായി തല പുകയ്ക്കേണ്ടി വരും.