മലയാളത്തിന്റെ അനശ്വര കലാകാരന്‍ കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഇരുപത് വര്‍ഷം. അനശ്വരമായ നിരവധി കഥാപാത്രങ്ങളിലൂടെ കുതിരവട്ടം പപ്പു മലയാളികളുടെ മനസില്‍ ഇന്നും ജീവിക്കുകയാണ്.
കോഴിക്കോടന്‍ തനത് ഭാഷ ശൈലിയില്‍ കുതിരവട്ടം പപ്പു മലയാളികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്നു. പനങ്ങാട് പത്മദളാക്ഷന്‍ എന്ന പപ്പു താന്‍ അഭിനയിച്ച ഭാര്‍ഗ്ഗവി നിലയം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ പിന്നീട് അറിയപ്പെടുകയായിരുന്നു.
ആയിരത്തിയഞ്ഞൂറോളം സിനിമയില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ തുടക്കം കോഴിക്കോട്ടെ നാടകവേദികളില്‍ നിന്നായിരുന്നു. ദ കിംഗിലെ സ്വതന്ത്ര്യ സമര സേനാനിയുടെ വേഷം പപ്പുവിന്റെ പതിവ് വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു
മോഹന്‍ലാലിന്റെ നരസിംഹമാണ് പപ്പുവിന്റെതായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ പത്ത് കഥാപാത്രങ്ങളും സംഭാഷണങ്ങളും നോക്കാം.
1. സുലൈമാന്‍ – വെള്ളാനകളുടെ നാട്
കുതിരവട്ടം പപ്പുവിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ എഞ്ചിന്‍ ഓപ്പറേറ്ററായ സുലൈമാന്‍ എന്ന കഥാപാത്രം. ചിത്രത്തിലെ ‘താമരശ്ശേരി ചൊരം’ എന്ന ഡയലോഗ് പപ്പുവിന്റെ ശൈലിയില്‍ ഹിറ്റായിരുന്നു. മുമ്പ് 1986 ല്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ട്കെട്ടില്‍ ഒരുങ്ങിയ ടി.പി ബാലഗോപാലന്‍ എം.എ എന്ന ചിത്രത്തില്‍ ചന്ദ്രന്‍കുട്ടി എന്ന കഥാപാത്രം താമരശ്ശേരി ചുരത്തിന്റെ ഡയലോഗ് പറയുന്നുണ്ട്. പിന്നീട് പ്രിയദര്‍ശന്‍ തന്റെ സിനിമയായ വെള്ളാനകളുടെ നാടിലും ഈ ഡയലോഗിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുകയായിരുന്നു.
2.കുട്ടന്‍ / ചെറിയാന്‍ നായര്‍ പൂച്ചക്കൊരു മൂക്കുത്തി
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രം ആളുകള്‍ക്ക് എളുപ്പം മറക്കാന്‍ കഴിയുന്ന ഒന്നല്ല. ചിത്രത്തിലെ നായികയായ മേനകയെ കാണുന്നതിനായി ടൗണില്‍ എത്തുന്ന മുറചെറുക്കന്‍ കുട്ടന്‍ ആയിട്ടാണ് പപ്പുവെത്തിയത്. പിന്നീട് വ്യാജ പേരില്‍ ചെറിയാന്‍ നായരായി ഒരു ലോഡ്ജില്‍ റൂം എടുക്കുകയും ചെയ്ത പപ്പുവിന്റെ കഥാപാത്രം ഇന്നും ഹിറ്റാണ്.
3.സര്‍ദാര്‍ കോമ കുറുപ്പ് – മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടുകള്‍ മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു. സര്‍ദാര്‍ കോമ കുറുപ്പായി പപ്പുവും സര്‍ദാര്‍ കൃഷ്ണകുറുപ്പായി ജഗതിയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.
4.കാട്ടുപറമ്പന്‍ – മണിചിത്രത്താഴ്
ഇന്നും ഏറെ ചര്‍ച്ച ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴിലെ കാട്ടുപറമ്പന്‍. തെക്കിനിയിലെ ബാധയെ നേരിട്ട് കണ്ട് തനിക്ക് ശരിക്കും എന്തോ കുഴപ്പമുണ്ടോ എന്നറിയാത്ത മന്ത്രവാദിയായ കാട്ടുപറമ്പന്‍.
5. മൊയ്തു – ഏയ് ഓട്ടോ
പടച്ചോന്‍ നേരിട്ട് വന്ന് കാശ് കൊടുത്തയാള്‍, അതാണ് ഏയ് ഓട്ടോയിലെ പപ്പുവതരപ്പിച്ച മൊയ്തു. മൊയ്തുവിന്റെ കഥയും പട്ടിക്ക് കൊടുക്കുന്ന ബിസ്‌ക്കറ്റും ഇന്നും മലയാളികള്‍ ഏറ്റുപറയുന്ന സംഭാഷണങ്ങളില്‍ ഒന്നാണ്
6 ട്യൂഷന്‍ ടീച്ചര്‍ – മിന്നാരം
മിന്നാരത്തിലെ കുട്ടികളെ ശരിയാക്കാന്‍ എത്തുന്ന ക്രൂരനായ ട്യൂഷന്‍ ടീച്ചര്‍. രാത്രിയില്‍ കുട്ടികളുടെ കഥ പേടിച്ച് ഓടി പോകുന്ന ട്യൂഷന്‍ ടീച്ചറുടെ ഹിറ്റ് ഡയലോഗ് ആയ തുറക്കൂലെടാ പട്ടി ഇന്നും ട്രോളന്മാര്‍ എടുത്ത് ഉപയോഗിക്കുന്ന ഒന്നാണ്.
7. വെളിച്ചപ്പാട് – പ്രാദേശിക വാര്‍ത്തകള്‍
ട്രോളന്മാരും ഇന്നും ആഘോഷമാക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് പ്രാദേശിക വാര്‍ത്തയിലെ വെളിച്ചപ്പാട്. ഫിലോമിനയും പപ്പുവും തമ്മിലുള്ള നഷ്ടപ്രണയവും തമാശകളും ഇന്നും ചിരി പരത്തുന്നതാണ്.
8. ചാക്കൂട്ടി – തേന്‍മാവിന്‍ കൊമ്പത്ത്
”താന്‍ ആരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താന്‍ എന്നോടു ചോദിക്ക്, താന്‍ ആരാണെന്ന്. തനിക്കു ഞാന്‍ പറഞ്ഞുതരാം താന്‍ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോടു ചോദിക്ക്. അപ്പോ തനിക്കു ഞാന്‍ പറഞ്ഞുതരാം താനാരാണെന്നും ഞാനാരാണെന്നും” ”ടാസ്‌കി വിളിയെടാ” ഇന്നും കുതിരവട്ടം പപ്പുവിന്റെ ഏറെ ആഘോഷിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് കാര്‍ത്തുമ്പിയുടെ അമ്മാവനായ ചാക്കുട്ടി. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ഈ കഥാപാത്രവും സംഭാഷണവും മലയാളികള്‍ ഉള്ള കാലത്തോളം ഓര്‍മ്മിക്കപ്പെടും.
9. അക്കൗണ്ടന്റ് – ചന്ദ്രലേഖ
അല്ല എന്താണ് കോണ്ടസ…. മോഹന്‍ലാലും, ഇന്നസെന്റും കുതിരവട്ടം പപ്പുവും ആഘോഷമാക്കിയ സിനിമയാണ് ചന്ദ്രലേഖ. അതിലെ അക്കൗണ്ടന്റ് കഥാപാത്രവും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചവയില്‍ ഒന്നാണ്.
10. കുഞ്ഞിരാമന്‍ ആശാന്‍ – വീണ്ടും ചില വീട്ടുകാര്യങ്ങള്‍
അസുഖ ബാധിതനായി ഇരിക്കുമ്പോഴും ലോഹിതദാസിന്റെ നിര്‍ബന്ധത്തില്‍ കുതിരവട്ടം പപ്പു അഭിനയിച്ച കഥാപാത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങളിലെ മെക്കാനിക്ക് കുഞ്ഞിരാമന്‍ ആശാന്‍. കുടിയനായ ആശാനും ആശാന്റെ അടുത്ത് ജോലി പഠിക്കാന്‍ എത്തുന്ന ജയറാമിന്റെ റെജി എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണങ്ങളും ഹിറ്റായിരുന്നു.
DoolNews Video