ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകത്താകമാനം വിജയം കൊയ്ത സിനിമയാണ് ജോക്കര്‍. ബോക്‌സ് ഓഫീസ് കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ജോക്കര്‍ നിരവധി വിവാദങ്ങളിലും അകപ്പെട്ടിരുന്നു ഇപ്പോഴിതാ രണ്ടു രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെയും ഉത്തരവാദി ജോക്കറാണെന്നാണ് വരുന്ന ആരോപണം. ലെബനനിലും ഇറാഖിലും നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ജോക്കര്‍ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്നാണ് അറബ് ടെലിവിഷന്‍ മാധ്യമമായ അല്‍-മനാര്‍ ടിവി പറയുന്നത്.
ജോക്കറിലെ പ്രധാന കഥാപാത്രമായ ആര്‍തര്‍ ഫ്‌ലെക്ക് ലെബനനിലും ഇറാഖിലും പ്രക്ഷോഭം നടത്തുന്നവരില്‍ കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സിനിമയിലെ അവസാന രംഗം ഇരു രാജ്യങ്ങളിലെയും തെരുവുകളില്‍ ഇവര്‍ അനുകരിക്കുകയുമാണെന്നാണ് അല്‍-മനാര്‍ പറയുന്നത്.
പ്രക്ഷോഭകര്‍ കൃത്യമായ പ്രസംഗങ്ങള്‍ നടത്തുന്നില്ലെന്നും പലരും ജോക്കര്‍ സീനുകള്‍ക്ക് സമാനമായ ഡാന്‍സുകളും പാട്ടുകളും ശബ്ദകോലാഹലങ്ങളുമാണ് ഉണ്ടാക്കുന്നതെന്നും ചാനല്‍ പറയുന്നു. പല പ്രക്ഷോഭകരും ജോക്കറിന്റെ മുഖം മൂടികളും ധരിച്ചിട്ടുണ്ട്.
എന്നാല്‍ അല്‍- മനാര്‍ ചാനല്‍ പ്രക്ഷോഭത്തെ എതിര്‍ക്കുന്ന ഹിസ്‌ബൊള്ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതായതിനാലാണ് ഇങ്ങനെയൊരു വിമര്‍ശനം എന്നാണ് മറ്റൊരു ആരോപണം.
ലെബനനിലും ഇറാഖിലും സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമായി തുടരുകയാണ്.ഇരു രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയതാണ് പ്രക്ഷോഭത്തിന് കാരണം.
ഒക്ടോബര്‍ ആദ്യ വാരം മുതലാണ് ഇറാഖില്‍ പ്രക്ഷോഭം തുടങ്ങിയത്. പ്രധാനമന്ത്രി അദെല്‍ അബ്ദുള്‍ മഹ്ദിയുടെ സര്‍ക്കര്‍ രാജിവെക്കണെന്നാണ് ഇവരുടെ ആവശ്യം.
വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം ഇറാഖിലെ 5 പേരില്‍ ഒരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ കണക്കു പ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖിന്റെ സ്ഥാനം.ഐ.എസിനെ തുരത്തിയ ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം. ഇറാഖ് ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണിത്.
സമാന സ്ഥിതിയുള്ള ലെബനനില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഹരീരി രാജി സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉള്ള ലെബനനില്‍ തൊഴിലില്ലായ്മയും വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.