ഓസ്‌ട്രേലിയ പരമ്പരയെ ഗൗരവമായി എടുക്കുന്നില്ല; വിമര്‍ശനവുമായി ആകാശ് ചോപ്ര
Sports News
ഓസ്‌ട്രേലിയ പരമ്പരയെ ഗൗരവമായി എടുക്കുന്നില്ല; വിമര്‍ശനവുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 4:07 pm

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 191 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.

നവംബര്‍ 28ന് ബര്‍സാപരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഓസീസിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും ഇന്ത്യ വിജയമുറപ്പിച്ചാല്‍ ചരിത്രനേട്ടത്തിലേക്കാണ് ഇന്ത്യ എത്തിച്ചേരുക.

എന്നാല്‍ ഏറ്റവും പുതിയ സംഭവങ്ങളില്‍ ഓസ്‌ട്രേലിയയെ ചോദ്യം ചെയ്യുകയാണ് ആകാശ് ചോപ്ര. 2023ലെ ലോകകപ്പ് ചാമ്പ്യന്മാര്‍ ഇന്ത്യയിലേക്ക് വന്നത് തോല്‍ക്കാന്‍ ആണോ ജയിക്കാന്‍ ആണോ എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ ചോപ്ര. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയ മാനസികമായി തളര്‍ന്നിരിക്കാം എന്നാണ് ആകാശ് ചോപ്ര ഒരു യൂട്യൂബ് വീഡിയോയില്‍ അഭിപ്രായപ്പെട്ടത്.

‘ഓസ്‌ട്രേലിയന്‍ ടീമിന് വിജയിക്കാനുള്ള പ്രേരണയുണ്ടോ എന്നത് പരിഗണിക്കേണ്ടത് പ്രധാനമാണ്. വിജയിക്കണോ എന്ന് പോലും ചിലര്‍ ചോദിക്കുന്നുണ്ട്. കപില്‍ദേവ് നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്ന് വരെ ചോദിക്കുകയുണ്ടായിരുന്നു,’അദ്ദേഹം പറഞ്ഞു.

രവി ബിഷ്‌ണോയിക്കെതിരെ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഷോട്ടിനെയും ആകാശ് ചോപ്ര ഉപദേശിക്കുകയുണ്ടായിരുന്നു.

‘എനിക്ക് മാത്യു ഷോട്ടിനായി ഒരു നിര്‍ദ്ദേശം കൊടുക്കാന്‍ ഉണ്ട്. ബിഷ്‌ണോയ് നിങ്ങള്‍ക്കെതിരെ ഒരു ഗൂഗ്ലി എറിഞ്ഞേക്കാം എന്നാല്‍ അതില്‍ നിങ്ങള്‍ നിങ്ങളുടെ അഹംഭാവം മാറ്റിവെക്കേണ്ടത് പ്രധാനമാണ്. ഈ വസ്തുത ബിഷ്‌ണോയിക്കും ഞങ്ങളുടെ കമന്റേറ്ററിങ് ടീമിനും ഓസ്‌ട്രേലിയക്കും എന്തിന് പറയുന്നു ഗുവാഹത്തിലെ ഇരുപത്തയ്യായിരം കാണികള്‍ക്കും അറിയാം. അതിനാല്‍ അവനെ കളിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ കളിക്കണം അതാണ് ബുദ്ധി,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Akash Chopra says Australia is not serious About Indian series