ഇവന്‍ അടുത്ത യുവരാജോ? ആറ് പന്തില്‍ ആറ് സിക്‌സ് അടിച്ച് തമിഴ്‌നാട് ബാലന്‍ !
Cricket
ഇവന്‍ അടുത്ത യുവരാജോ? ആറ് പന്തില്‍ ആറ് സിക്‌സ് അടിച്ച് തമിഴ്‌നാട് ബാലന്‍ !
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th June 2022, 11:16 pm

ഒരോവറില്‍ ആറ് പന്തും അതിര്‍ത്തി കടത്തുക എന്നത് എളുപ്പമല്ല. അന്താരാഷ്ട്ര കളിക്കാരില്‍ വിരലില്‍ എണ്ണാവുന്ന താരങ്ങള്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളു.

എന്നാല്‍ ഇപ്പോള്‍ ഒരോവറില്‍ ആറ് പന്തും അതിര്‍ത്തികടത്തികൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് 15 വയസുകാരന്‍ ബാലന്‍. 15 കാരനായ കൃഷ്ണ പാണ്ഡെയാണ് എല്ലാ പന്തും സിക്‌സറുകള്‍ കടത്തിയ തമിഴ്‌നാട് ബാലന്‍.

പോണ്ടിച്ചേരി ടി10 ലീഗിലാണ് ഈ പയ്യന്റെ ബാറ്റുകൊണ്ടുള്ള ആറാട്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോണ്ടിച്ചേരി ടി-10 ലീഗില്‍ പാട്രിയറ്റ്സും റോയല്‍സും തമ്മിലുള്ള മത്സരത്തിലാണ് താരം സിക്‌സറുകള്‍ അടിച്ചുകൂട്ടിയത്.

ആദ്യം ബാറ്റ് ചെയത റോയല്‍സ് 157 എന്ന വലിയ ടോട്ടല്‍ നേടിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാട്രിയറ്റ്സിനെ ക്രിഷ്ണ പാണ്ഡെ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. ആറാം ഓവര്‍ എറിയാനെത്തിയ നിതേഷ് കുമാറിനെയാണ് താരം ആറ് സിക്‌സറിന് പറത്തിയത്.

 

അഞ്ചാം ഓവറില്‍ മൂന്ന് വിക്കറ്റ് പാട്രിയറ്റ്സിന് നഷ്ടമായിരുന്നു. പിന്നീട് വന്ന പാണ്ഡെ 436.80 സ്ട്രൈക്ക് റേറ്റില്‍ 19 പന്തില്‍ 12 സിക്സും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 83 റണ്‍സ് നേടി അവിശ്വസനീയമായി കളിച്ചു പുറത്തായി.

അരവിന്ദരാജ് അവനെ ഔട്ടാക്കുന്നതുവരെ ക്രിഷ്ണ പാണ്ഡെ തന്റെ ടീമിനെ വിജയിത്തിലേക്കത്തിക്കും എന്ന് തോന്നിയിരുന്നു. എന്നാല്‍ നാല് റണ്ണിന് പാട്രിയറ്റ്സ തോല്‍ക്കുകയായിരുന്നു.

ടീം മത്സരം തോറ്റെങ്കിലും യുവരാജ് സിംഗ്, ഹെര്‍ഷലെ ഗിബ്‌സ്, രവി ശാസ്ത്രി, കെയ്‌റണ്‍ പൊള്ളാര്‍ഡ്, സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് എന്നിവരടങ്ങുന്ന ഇതിഹാസ ലിസ്റ്റിലാണ് ഈ പതിനഞ്ച്കാരന്‍ കയറികൂടിയിരിക്കുന്നത്.

2007 ലെ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ ആറ് സിക്സറുകള്‍ യുവരാജ് സിംഗ് പറത്തിയിരുന്നു. 2021 മാര്‍ച്ചില്‍ ഒരു ടി20 മാച്ചില്‍ ശ്രീലങ്കയുടെ അകില ധനഞ്ജയയെക്കെതിരെ കെയ്‌റണ്‍ പൊള്ളാര്‍ഡ് ആറ് സിക്‌സറുകള്‍ നേടിയിരുന്നു.

2007ല്‍ ഹെര്‍ഷെല്‍ ഗിബ്‌സായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ താരം. നെതര്‍ലാന്‍ഡ്‌സിനെതിരെയായിരുന്നു താരത്തിന്റെ നേട്ടം.

 

1968 ലെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലാമോര്‍ഗനെതിരെ നോട്ടിംഗ്ഹാംഷെയറിനായി കളിച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സായിരുന്നു ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരന്‍.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും മുഖ്യ പരിശീലകനുമായ രവി ശാസ്ത്രി ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ ബറോഡക്കെതിരെ മുംബൈക്കായി ഒരു ഓവറില്‍ 36 റണ്‍സ് നേടിയിരുന്നു. യുവി ആറ് സിക്‌സറുകള്‍ നേടിയ മത്സരത്തില്‍ ശാസ്ത്രിയായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്നത്.

Content Highlights: 15 year old  Krishna Pandey  hit six sixes in an over