ഭോപ്പാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് തുല്യമായി ഉയര്‍ത്തണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശം വിവാദത്തില്‍.
പതിനഞ്ച് വയസ്സുമുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിയുമെന്നും പിന്നെന്തിനാണ് വിവാഹപ്രായമുയര്‍ത്തുന്നതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് വര്‍മ്മയുടെ പരാമര്‍ശം.
‘പതിനഞ്ച് വയസ്സുമുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പ്പാദനം നടത്താനും പ്രസവിക്കാനും കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പിന്നെന്തിനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത്. ശിവരാജ് സിംഗ് എപ്പോഴാണ് ഡോക്ടറായത്’, സജ്ജന്‍ സിംഗ് പറഞ്ഞു.
ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയിരിക്കെ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും സമാനമായ മാറ്റം കൊണ്ടുവരണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീ സുരക്ഷ പദ്ധതിയായ ‘സമ്മാന്‍’ ഉദ്ഘാടന വേദിയിലായിരുന്നു ചൗഹാന്റെ പരാമര്‍ശം.
‘എന്തിനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായം 21 ആണ്. ഇതില്‍ മാറ്റം വരുത്തേണ്ടതല്ലേ? ഇക്കാര്യം പൊതുജനം ആലോചിക്കണം’, ചൗഹാന്‍ പറഞ്ഞു.
നേരത്തെ മതപരിവര്‍ത്തന നിയമങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് വാര്‍ത്താപ്രാധാന്യം നേടിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്.
ഉത്തര്‍പ്രദേശിന് പിന്നാലെയാണ് മധ്യപ്രദേശിലും മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്. ശബ്ദ വോട്ടോടുകൂടിയാണ് മന്ത്രിസഭ ബില്ല് പാസാക്കിയത്. ഈ നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും.
ആരെയെങ്കിലും മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചാല്‍ 1-5 വര്‍ഷം തടവും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍, കുറഞ്ഞത് 2-10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും, പരമാവധി 1 ലക്ഷം പിഴയും,നരോത്തം മിശ്ര പറഞ്ഞു.
മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുമാസം മുമ്പുതന്നെ അറിയിക്കേണ്ടതാണ്, അങ്ങനെ ചെയ്തില്ലെങ്കില്‍ വിവാഹം പുതിയ നിയമപ്രകാരം അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു.
യു.പിയിലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുന്നതിനും വിവാഹം കഴിക്കുന്നതിനും രണ്ട് മാസം മുമ്പ് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് പറയുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക