നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ
Kerala News
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th November 2018, 8:33 pm

പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ. സന്നിധാനം, പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച മുതല്‍ മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, പ്രാര്‍ഥനാ യജ്ഞങ്ങള്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.


പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും പ്രാര്‍ഥനാ യജ്ഞങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, മണ്ഡല- മകരവിളക്ക് പൂജയ്ക്കായി നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയും പരിസരവും ആറായി തിരിച്ച് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നിന്നുമാണ് ഭക്തരെ കടത്തിവിടുക. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം സാധ്യമാകുക. രാവിലെ പത്തുമണിയ്ക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും.


എ.ഡി.ജി.പി അനില്‍കാന്തിനും ഐ.ജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സന്നിധാനത്ത് രാത്രിയില്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്നും ന്യായമായ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.