45 സാക്ഷികള്‍, ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടം, ഒന്നാം പ്രതി ബി.എം.എസ് സംസ്ഥാന നേതാവ്; ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ 11 ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: സി.പി.ഐ.എം പ്രവര്‍ത്തകനും കോര്‍പറേഷന്‍ ജീവനക്കാരനുമായ ആനാവൂര്‍ സരസ്വതി മന്ദിരത്തില്‍ നാരായണന്‍ നായരെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ 11 ആര്‍.എസ്.എസുകാര്‍ക്കും ജീവപര്യന്തം. ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജഡ്ജി കവിത ഗംഗാധരനാണ് ശിക്ഷവിധിച്ചത്.
11 പ്രതികളുള്ള കേസില്‍ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഒന്നും രണ്ടും നാലും പ്രതികള്‍ ജീവപര്യന്തം കൂടാതെ 10 വര്‍ഷം അധിക തടവും അനുഭവിക്കേണ്ടി വരും. അത്യപൂര്‍വമാണ് കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
ആനാവൂര്‍ നാരായണന്‍ നായര്‍
കേസിലെ ഒന്നാംപ്രതി രാജേഷ്(47) ഉള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു വാദം. സംഘപരിവാര്‍ പിന്തുണയുള്ള തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ സംസ്ഥാന നേതാവ് കൂടിയാണ് രാജേഷ്.
പബ്ലിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ വിജയകുമാരന്‍ നായരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. കേസിലെ ഒന്നാംപ്രതി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു വാദം.
ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. ആകെ 45 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വാഹനങ്ങളടക്കം 23 തൊണ്ടിമുതല്‍ ഹാജരാക്കി.
നിലവില്‍ വിവിധയിടങ്ങളില്‍ ഡി.വൈ.എസ്.പിമാരായ എസ്. അനില്‍കുമാര്‍ ജെ. ജോണ്‍സണ്‍, വി.ടി. രാസിത്ത് സി.ഐമാരായ ജെ. മോഹന്‍ദാസ്, അജിത്കുമാര്‍ എസ്.ഐ. ബാലചന്ദ്രന്‍, എ.എസ്.ഐ കൃഷ്ണന്‍കുട്ടി എന്നിവരാണ് കേസന്വേഷിച്ചത്.