പുരോഗമനമെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക് പോലുള്ള സൈബര്‍ പൊതുയിടങ്ങളില്‍ സ്ത്രീകള്‍ സ്വതന്ത്രാഭിപ്രായം പ്രകടിപ്പിച്ചാല്‍ വെച്ചു പൊറുപ്പിക്കില്ലെന്ന പുരുഷമേധാവിത്ത ഭീകരത വേട്ടയാടിയ വ്യക്തിയാണ് പ്രീത ജി.പി. ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്നും ഒരിക്കല്‍ പോലും വരാന്‍ പാടില്ലാത്ത പരാമര്‍ശം സി.പി.ഐ.എം നേതാവ് ജി.സുധാകരനില്‍ നിന്നും ഉണ്ടായപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് പ്രീതക്കെതിരെ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ കലാമിനെയും, എളമരം കരീമിനെയും, മാതാ അമൃതാനന്ദമയിയെയും വിമര്‍ശിച്ചുവെന്ന പേരിലും പ്രീത വേട്ടയാടപ്പെടുകയുണ്ടായി.
പ്രീതയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചപ്പോള്‍ അവരെ പിന്തുണച്ച് എത്തിയവരെയും സൈബര്‍ ഭീകരര്‍ വെറുതെ വിട്ടില്ല. ഇക്കൂട്ടത്തില്‍ അക്രമിക്കപ്പെട്ടവരായിരുന്നു ഇഞ്ചിപ്പെണ്ണും മായലീല ഉള്‍പ്പടെ ഉള്ളവര്‍. പ്രീതയുടെ പ്രശ്‌നം പൊതുജനമധ്യത്തില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇവര്‍ക്കെതിരെ മാസ് റിപ്പോര്‍ട്ടിംഗും തെറിവിളിയും ഉണ്ടായത്.
എന്നാല്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെ മാസ് റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ ഇവരുടെ പേജുകള്‍ പൂട്ടിക്കാനുള്ള ശ്രമമാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏകപക്ഷീയവും അന്യായവുമായ മാര്‍ഗത്തില്‍ ഫേസ്ബുക്കില്‍ നിന്നും പുറന്തള്ളപ്പെട്ട ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിനോട് ചോദിക്കുന്ന ചോദ്യങ്ങളാണിത്.
1 ഫേസ്ബുക്കില്‍ ഒരു സ്ത്രീ സ്വതന്ത്രാഭിപ്രായം പ്രകടിപ്പിച്ചാല്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തിന് സംഭവിക്കുന്നതെന്താണ്? അവളുടെ പേജിനെതിരെ പുരുഷന്‍മാരുടെ മാസ് റിപ്പോര്‍ട്ടിംഗ് അനുവദിക്കുക, ഇരയുടെ പേജ് നീക്കം ചെയ്യുക, അവളോട് പേജിലെ പേര് മാറ്റാന്‍ ആവശ്യപ്പെടുക എന്നിങ്ങനെ വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഇരയെ ആക്രമിക്കലാണോ?
2 പോലീസ് സ്‌റ്റേഷനില്‍ പോലും സ്ത്രീകള്‍ സംരക്ഷിക്കപ്പെടാത്ത ഇന്ത്യ പോലുള്ള രാഷ്ട്രത്തില്‍ ഫേസ്ബുക്ക് എന്നെ എങ്ങനെ സംരക്ഷിക്കുമെന്നാണ് ഉറപ്പ് തരുന്നത്.? ഇവിടെ ഹേറ്റ് പേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും അവക്കെതിരെ നടപടിയെടുക്കാതെ പകരം പ്രീതയുടെയും അവളെ പിന്തുണച്ച അരുന്ധതിയുടെയും എന്റെയും അക്കൗണ്ടുകളാണ് നീക്കം ചെയ്യപ്പെട്ടത്.
3 ഫേസ്ബുക്കില്‍ വെരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് ഇത് നടത്തേണ്ടതാണ് എന്നാലിത് നടക്കുന്നില്ല. ഇത് വഴി തങ്ങളുടെ യൂസര്‍ബേസ് വര്‍ദ്ധിപ്പിക്കാനും അക്കൗണ്ട് വിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് വില്‍ക്കാനുമാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. എന്നാല്‍ പിന്നീട് വെരിഫിക്കേഷന്‍ ആവശ്യപ്പെടുകയും ആളുകളുടെ അക്കൗണ്ട് പൂട്ടിക്കുകയുമാണ് ചെയ്യുന്നത്.
4 ഇവിടെ തങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് ദിനംപ്രതി അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു.( ഇത്തരത്തില്‍ പ്രീതക്കെതിരെ 4 പേജുകളാണ് ഉയര്‍ന്ന് വന്നത്. ഇതില്‍ പ്രീതയുടെ പേരിനൊപ്പം അസഭ്യം ചേര്‍ത്ത പേജ് പരാതി നല്‍കിയതിന് ശേഷം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്) ഇവിടെ വീണ്ടും ഞങ്ങളാണ് (സ്ത്രീകള്‍) ആക്രമിക്കപ്പെടുന്നത്. ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കരുതാത്ത കമ്പനിയുടെ അമേരിക്കയിലെ ഓഫീസ് ഞങ്ങളോട് മിണ്ടാതിരിക്കാനാണ് പറഞ്ഞത്.
5 ഫേസ്ബുക്കിന് ഇംഗ്ലീഷ് മാത്രമേ മനസിലാവുകയുള്ളൂ എന്നാണ് വാദം. അങ്ങനെയെങ്കില്‍ നിങ്ങളെങ്ങനെയാണ് ഇംഗ്ലീഷിതര ഭാഷാ സംസ്‌കാരങ്ങളുമായി സംവദിക്കുന്നത്. ഇതിനര്‍ത്ഥം ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന പേജുകള്‍ തുടരുമെന്നാണോ? അതല്ലെങ്കില്‍ മറ്റു ഭാഷ സംസ്‌കാരങ്ങളെ ഫേസ്ബുക്ക് പൂര്‍ണമായും അവഗണിക്കുന്നു എന്നാകും അര്‍ത്ഥമാക്കുന്നത്.
6 ഒരു സ്ത്രീ പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടാല്‍ അവളുടെ ജീവിതം എന്നെന്നേക്കുമായി അവസാനിച്ചു എന്ന് കരുതുന്ന, ഇരയെ സംരക്ഷിക്കേണ്ട ബാധ്യതയെ സ്വന്തം കുടുംബാംഗങ്ങള്‍ പോലും തള്ളിപ്പറയുന്ന സംസ്‌കാരത്തോട് അനുഭാവപൂര്‍ണമായ നിലപാടാണോ ഫേസ്ബുക്കിനുള്ളത്.? അങ്ങനെയെങ്കില്‍ നില നില്‍ക്കുന്നവയെ മറ്റേണ്ടതുണ്ട്.
7 പുരുഷാധിപത്യം ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന വിവാഹം, കുടുംബം, ജാതി, മതം തുടങ്ങിയ കുരുക്കുകള്‍ പൊട്ടിച്ചെറിയാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ ഞങ്ങളെ വന്നിടത്തേക്ക് തന്നെ പറഞ്ഞയക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഞങ്ങള്‍ ശരിക്കും അവിടെ തന്നെ നിലനില്‍ക്കേണ്ടവരാണെന്ന് ഫേസ്ബുക്ക് കരുതുന്നുണ്ടോ.? ഇത് തന്നെയാണ് സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തെ പോലും ഹനിക്കുന്ന പുരുഷ മേല്‍കോയ്മ സമൂഹത്തിന്റെ നിലപാടും.
തനിക്കെതിരെ ഭീകരമായ വിദ്വേഷ പ്രചരണമുണ്ടായപ്പോഴും ജാതിപ്പേര് ഉപയോഗിക്കാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിച്ച സാഹചര്യത്തിലും തന്റെ നിലപാടുകള്‍ക്കൊപ്പമാണ് പ്രീത നില നിന്നത്. വിഷയത്തിലുള്ള പ്രീതയുടെ മറുപടിയാണിത്.
8 ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എളുപ്പത്തില്‍ കൃത്രിമം നടത്താന്‍ കഴിയുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഞാന്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ ഫേസ്ബുക്ക് എങ്ങനെയാണ് വെരിഫിക്കേഷന്‍ നടത്തുക. ഫേസ്ബുക്ക് ഞങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കുമോ? പിന്നെ ഞങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റിനും പരസ്യ ഏജന്‍സികള്‍ക്കും കൈമാറാനാണോ ഫേസ്ബുക്ക് നിലനില്‍ക്കുന്നത്.
9 ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്തിനാണ്. മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ നടക്കുന്ന പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ പോലും പരമമായ സ്വകാര്യത ഉറപ്പ് വരുത്തുന്നുണ്ട്. അവര്‍ നിങ്ങളുടെ പേര് വിവരങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാറില്ല. പക്ഷെ ഫേസ്ബുക്ക് എന്ത് കൊണ്ടാണ് ഞങ്ങള്‍ക്ക് സ്വകാര്യത അനുവദിക്കാത്തത്. ഓണ്‍ലൈന്‍ വിദ്വേഷ പ്രചരണങ്ങളെ തിരിച്ചറിയാനുള്ള സാങ്കേതിക ശേഷിയില്ലാത്ത ഫേസ്ബുക്ക് പിന്നെന്തിനാണ് ഞങ്ങളുടെ ജീവിതത്തെ പ്രശ്‌ന കലുഷിതമാക്കുന്നത്.
10 സേവനങ്ങള്‍ ലഭ്യമാകുമെന്ന ഉറപ്പിലാണ് ഞങ്ങള്‍ സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറുന്നത്. അതല്ലെങ്കില്‍ പണമിടപാടുകള്‍ നടത്തുന്നിടത്ത് സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത്. അതേ സമയം വിവരങ്ങള്‍ കൈമാറുന്നതിന് പകരം എന്ത് സേവനമാണ് ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.
സ്ത്രീകളോട് മുന്നേറാനാണ് ഫേസ്ബുക്കിന്റെ വനിതാ സി.ഒ.ഒ ഷെറില്‍ സാന്‍ഡ് ബര്‍ഗ് എഴുതിയത്. എങ്കില്‍ ഇങ്ങനെയാണോ സ്ത്രീകളോട് മുന്നേറാന്‍ ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. പിന്തിരിഞ്ഞ് പോവാനാണ് നിങ്ങളാവശ്യപ്പെടുന്നത്. ഞങ്ങളെ പുറന്തള്ളുന്ന നിലപാടാണ് ഫേസ്ബുക്കിന്റെത്. എന്നാല്‍ ഈ സോഷ്യല്‍ മീഡിയ ലോകത്ത് ഞങ്ങള്‍ക്ക് വേറെയും ചോയ്‌സുകളുണ്ട്. ആധുനികവും ജനാധിപത്യപരവുമായ രീതിയില്‍ ഇടപെടല്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങള്‍ ഫേസ്ബുക്കില്‍ തുടരുന്നത്.
കൂടുതല്‍ വായനയ്ക്ക്
Leaning out from Facebook (05/08/2015)
ഫേസ്ബുക്കില്‍ ജാതിപ്പേര് ഉപേക്ഷിക്കാന്‍ അവകാശമില്ലേ? സുക്കര്‍ബര്‍ഗിന് ഒരു തുറന്ന കത്ത് (04/08/2015)
പ്രീത ജി.പി.ക്കെതിരെ മൂന്നാമതും ഫേസ്ബുക്ക് പേജ്; പ്രീതയുടെ മകനെ അശ്ലീലമായി അസഭ്യം പറഞ്ഞുള്ള ഫോട്ടോ പോസ്റ്റും (03/08/2015)