തൊഴിലാളിവിരുദ്ധ മാനേജ്‌മെന്റ് നടപടികള്‍ക്കെതിരായ സമരത്തില്‍ വിജയം നേടി സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍
Kerala News
തൊഴിലാളിവിരുദ്ധ മാനേജ്‌മെന്റ് നടപടികള്‍ക്കെതിരായ സമരത്തില്‍ വിജയം നേടി സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 9:15 am

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ടെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ (Zomato) തിരുവനന്തപുരത്തെ ഡെലിവറി ഏജന്റുമാര്‍ നാല് ദിവസമായി നടത്തിവന്നിരുന്ന സമരം വിജയംകണ്ടു.

ദൈനംദിന വരുമാനം കുത്തനെ കുറച്ചുകൊണ്ട് ഇന്‍സെന്റീവ് പേയ്മെന്റുകളില്‍ വരുത്തിയ മാറ്റവും വിശദീകരണം കൂടാതെ എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം എന്ന കണ്ടീഷന്‍ മുന്നോട്ടുവെച്ചതുമടക്കം മാനേജ്‌മെന്റ് നടപ്പിലാക്കിയ ‘പരിഷ്‌കരണ’ങ്ങള്‍ക്കെതിരെയായിരുന്നു ഡെലിവറി ഏജന്റുമാര്‍ കഴിഞ്ഞ നാല് ദിവസമായി സമരം നടത്തിവന്നത്.

ചൊവ്വാഴ്ചയായിരുന്നു സമരം ആരംഭിച്ചത്. മാനേജ്മെന്റിനെതിരായി അനിശ്ചിതകാലത്തേക്ക് ആരംഭിച്ച സമരം നാലാം ദിവസം നിര്‍ണായക വിജയം നേടുകയായിരുന്നു. അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷമാണ് സൊമാറ്റോ കമ്പനി പ്രതിനിധികള്‍ ഡെലിവറി ഏജന്റുമാരുടെ മിക്ക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സമ്മതിച്ചത്.

സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന സ്വിഗ്ഗിയിലെ (Swiggy) ചില തൊഴിലാളികളും സൊമാറ്റോയിലെ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം സമരം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് കമ്പനിയുടെ ഭാഗത്ത് നിന്നും നിരവധി നടപടികളുണ്ടായതായും ആരോപണമുയരുന്നുണ്ട്. സമരം ചെയ്യുന്നവരുടെ പ്രൊഫൈലുകള്‍ ആപ്പില്‍ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്‌തെന്നും സമരത്തിന് നേതൃത്വം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഫോട്ടോയെടുക്കാനും സൊമാറ്റോ മാനേജ്‌മെന്റ് രഹസ്യമായി ആളുകളെ നിയോഗിച്ചിരുന്നു എന്നുമാണ് ആരോപണം.

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാലിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഡെലിവറി ഏജന്റുമാരായ ബാലചന്ദ്രന്‍, ഡി. സുരേഷ്, ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെ. ഷിജു ഖാന്‍, ജില്ലാ പ്രസിഡന്റ് വി. അനൂപ് എന്നിവരായിരുന്നു സൊമാറ്റോ തൊഴിലാളികളായ സമരക്കാര്‍ക്ക് നേതൃത്വം നല്‍കിയത്.

അതേസമയം, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിന്റെ ഭാഗമാകാന്‍ സൊമാറ്റോ കമ്പനി പ്രതിനിധികള്‍ നേരത്തെ വിസമ്മതിച്ചിരുന്നെന്നും പിന്നീട് സമ്മര്‍ദ്ദം മൂലം വഴങ്ങേണ്ടിവന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

നേരത്തെ തിരുവനന്തപുരം ജില്ലാ ഓണ്‍ലൈന്‍ ഡെലിവറി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ സ്വിഗ്ഗിയിലെയും സൊമാറ്റോയിലെയും തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

സൊമാറ്റോ കമ്പനി അധികൃതര്‍ സമ്മതിച്ച സെറ്റില്‍മെന്റ് വ്യവസ്ഥകള്‍ പ്രകാരം, ആഴ്ചതോറുമുള്ള ഇന്‍സെന്റീവുകള്‍ മൂന്ന് സ്ലാബുകളായാണ് നിശ്ചയിച്ചിട്ടുള്ളത്.

4,000 രൂപ വരെയുള്ള ഡെലിവറി തുകകള്‍ക്ക് ഇന്‍സെന്റീവ് 15% ആയും 5,000 വരെയുള്ളവക്ക് ഇന്‍സെന്റീവ് 25% ആയും 7,500 വരെയുള്ളവക്ക് ഇന്‍സെന്റീവ് 35% ആയും നിശ്ചയിച്ചു. മഴക്കാലത്ത് ഭക്ഷണം എത്തിക്കുന്നതിനുള്ള റെയിന്‍ സര്‍ജ് (Rain Surge) ബോണസ് മുമ്പത്തെ നിരക്കിലേക്ക് പുനസ്ഥാപിച്ചിട്ടുണ്ട്.

യോഗത്തിലുണ്ടാക്കിയ കരാര്‍ പ്രകാരം, സൊമാറ്റോ മൊബൈല്‍ ആപ്ലിക്കേഷനിലെ അക്കൗണ്ട് മരവിപ്പിക്കുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഡെലിവറി ഏജന്റുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ധാരണയായിട്ടുണ്ട്. അടുത്ത കാലത്തായി, ഡെലിവറി ഏജന്റുമാരെ മാനേജ്‌മെന്റ് കാരണം ബോധിപ്പിക്കാതെ ഏകപക്ഷീയമായി പിരിച്ചുവിടുന്ന സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നടപടി.

‘സൊമാറ്റോക്ക് എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കുകയും ഡെലിവറി പാര്‍ട്‌നേഴ്‌സിന് സൊമാറ്റോ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തേക്കാം,’ എന്നാണ് കമ്പനി ഏജന്റുമാര്‍ക്കയച്ച സമീപകാല നിബന്ധനകളിലെയും വ്യവസ്ഥകളിലെയും ക്ലോസുകളിലൊന്നില്‍ പറഞ്ഞിരുന്നത്.

ഈ ക്ലോസാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

Content Highlight: Zomato delivery agents withdraw strike after company officials agreed to their demands