ഓളവും തീരവും കണ്ട് അത്ഭുതപ്പെട്ടു, ഈ ആന്തോളജിയുടെ റൈറ്റ്‌സ് വാങ്ങാന്‍ കാരണവും അതാണ്: സീ5 സി.ഇ.ഓ പുനീത് ഗോയെങ്ക
Entertainment
ഓളവും തീരവും കണ്ട് അത്ഭുതപ്പെട്ടു, ഈ ആന്തോളജിയുടെ റൈറ്റ്‌സ് വാങ്ങാന്‍ കാരണവും അതാണ്: സീ5 സി.ഇ.ഓ പുനീത് ഗോയെങ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th July 2024, 5:03 pm

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസാണ് മനോരഥങ്ങള്‍. ഉലകനായകന്‍ കമല്‍ ഹാസന്റെ നറേഷണില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, സിദ്ദിഖ്, അപര്‍ണ ബാലമുരളി, നെടുമുടി വേണു, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര മനോരഥങ്ങളില്‍ അണിനിരക്കുന്നുണ്ട്.

രഞ്ജിത്, പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്‍, അശ്വതി വി. നായര്‍ എന്നിവരാണ് മനോരഥങ്ങളിലെ സെഗ്മെന്റുകള്‍ സംവിധാനം ചെയ്യുന്നത്. എം.ടി വാസുദേവന്‍ നായര്‍ക്ക് മലയാളസിനിമ നല്‍കുന്ന ആദരവ് കൂടിയാണ് മനോരഥങ്ങള്‍. ഓഗസ്റ്റ് 15 മുതല്‍ സീ5 പ്ലാറ്റ്‌ഫോമില്‍ ചിത്രം സ്ട്രീം ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.

2021ലാണ് മനോരഥങ്ങള്‍ അനൗണ്‍സ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സായിരുന്നു ആ സമയത്ത് ചിത്രത്തിന്റെ റൈറ്റ്‌സ് നേടിയത്. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറുകയായിരുന്നു. പിന്നീടാണ് സീ5 ചിത്രം ഏറ്റെടുത്തത്. ഇപ്പോഴിതാ മനോരഥങ്ങള്‍ ഏറ്റെടുക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് സീ5 സി.ഇ.ഓ പുനീത് ഗോയെങ്ക.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച ഓളവും തീരവും എന്ന സെഗ്മെന്റ് കണ്ട് അത്ഭുതപ്പെട്ടുവെന്നും അതുകൊണ്ടാണ് ഈ ആന്തോളജി ഏറ്റെടുത്തതെന്ന് ഗോയെങ്ക പറഞ്ഞു. അതാത് നാടുകളിലെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സീ5ന്റെ ലക്ഷ്യമെന്നും മലയാളത്തിന്റെ സംസ്‌കാരം ലോകത്തെ കാണിക്കാന്‍ എം.ടിയുടെ കഥകളല്ലാതെ വേറൊരു ഓപ്ഷനില്ലെന്നും ഗോയെങ്ക കൂട്ടിച്ചേര്‍ത്തു.

‘മലയാളികള്‍ക്ക് സീ5ന്റെ വക ഇത്തവണ നേരത്തെയാണ് ഓണസമ്മാനം. മലയാളത്തിന്റെ സ്വന്തം എം.ടിയുടെ ഒമ്പത് കഥകള്‍ ചേര്‍ന്ന മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസിന്റെ രൂപത്തിലാണ് ആ സമ്മാനം. ഈ സീരീസിന്റെ റൈറ്റ്‌സ് ഞങ്ങള്‍ വാങ്ങുന്നതിന് മുമ്പ് പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ഓളവും തീരവും ഞങ്ങള്‍ കണ്ടിരുന്നു. മോഹന്‍ലാല്‍ സാറാണ് അതിലെ നായക കഥാപാത്രം ചെയ്തത്. അത്ഭുതപ്പെട്ടുപോയി.

അതാത് നാടുകളിലെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ലോകത്തിന് മുന്നിലേക്ക് അവതരിപ്പിക്കുക എന്നതാണ് സീ5ന്റെ ലക്ഷ്യം. അത്തരത്തില്‍ കേരളത്തിന്റെ സംസ്‌കാരം ലോകത്തിന് മുന്നില്‍ കാണിക്കാന്‍ എം.ടി സാറിന്റെ കഥകളല്ലാതെ മറ്റൊരു ഓപ്ഷന്‍ നമുക്കില്ല. അതുകൊണ്ടാണ് മനോരഥങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്തത്,’ പുനീത് ഗോയെങ്ക പറഞ്ഞു.

Content Highlight: Zee5 CEO saying that Olavum Theeravum was the reason for acquiring rights of Manorathangal