Sports News
സഹീര്‍ ഖാന്റെ ബണ്ണി ആരാണെന്നറിയണ്ടേ, അത് ഈ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസമാണ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 20, 05:12 pm
Wednesday, 20th July 2022, 10:42 pm

ക്രിക്കറ്റില്‍ ഒരു ബാറ്ററെ ഒരേ ബൗളര്‍ തന്നെ ആവര്‍ത്തിച്ച് ഔട്ടാക്കുകയാണെങ്കില്‍ ആ ബാറ്റര്‍ ആ ബൗളറുടെ ബണ്ണി എന്നാണ് അറിയപ്പെടുക.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനും അത്തരത്തില്‍ ഒരു ബണ്ണിയുണ്ട്. എന്നാല്‍ സഹീറിന്റെ ബണ്ണിയാകട്ടെ ആള്‍ ചില്ലറക്കാരനല്ല.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസമായ ഗ്രെയം സ്മിത്താണ് സഹീറിന് മുമ്പില്‍ പല തവണ അടിയറവ് പറഞ്ഞിട്ടുള്ളത്. ഇരുവശങ്ങളിലേക്കും അനായാസം സ്വിങ് ചെയ്യിക്കാന്‍ സാധിക്കുന്ന ഈ ഇടം കയ്യന്‍ പേസറിന് മുന്നില്‍ സ്മിത്തിന് പലപ്പോഴും ഉത്തരമുണ്ടായിരുന്നില്ല.

ഇരുവരും ടീമിനൊപ്പം കളിക്കുമ്പോള്‍ 27 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 14 തവണയും സ്മിത്ത് പുറത്തായത് സഹീറിന്റെ കൈകൊണ്ടായിരുന്നു.

മറ്റുള്ള ബൗളര്‍മാരെ ആക്രമിച്ചു കളിക്കുന്ന സ്മിത്തിന് പക്ഷേ എപ്പോഴും സഹീറിനെതിരെ മുട്ടിടിച്ചിരുന്നു. എത്ര മികച്ച ഫോമിലാണെങ്കിലും സഹീറിനെയും അദ്ദേഹത്തിന്റെ പന്തുകളേയും ‘ബഹുമാനിച്ച്’ ഡിഫന്‍സീവ് ഷോട്ട് കളിക്കാനായിരുന്നു സ്മിത്ത് ശ്രമിച്ചിരുന്നത്.

 

14 തവണ സഹീര്‍ സ്മിത്തിനെ പുറത്താക്കിയതില്‍ രണ്ട് തവണ സംപൂജ്യനാക്കിയായിരുന്നു പ്രോട്ടീസ് ലെജന്‍ഡിനെ മടക്കിയത്. സഹീറിനെതിരെയുള്ള ആവറേജാകട്ടെ 14.07ഉം.

ആകെയുള്ള 14 ഡിസ്മിസലില്‍ ആറും പിറന്നത് 2006-2007 സീസണിലായിരുന്നു. 2010-2011 സീസണിലും സ്മിത്തിനെതിരെ ആറ് വിക്കറ്റ് പ്രകടനം സഹീര്‍ ആവര്‍ത്തിച്ചിരുന്നു.

‘ഞാന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍ ഖാന്‍. പേസ് ചേഞ്ച് ചെയ്യുന്നതിനും സ്വിങ് ചെയ്യിക്കുന്നതിനും അദ്ദേഹത്തിന് പ്രത്യേക കഴിവാണ്. അവന്‍ വളരെ മികച്ച രീതിയിലാണ് റിവേഴ്‌സ് സ്വിങ് ചെയ്യുന്നത്.

എന്നെ പല അവസരങ്ങിലും അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. അതെ, എന്റെ കരിയറില്‍ ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍,’ എന്നായിരുന്നു സ്മിത് സഹീറിനെ കുറിച്ച് പറഞ്ഞത്.

ഇന്ത്യയ്ക്കായി 200 ഏകദിനവും 92 ടെസ്റ്റും കളിച്ച സഹീര്‍ ഏകദിനത്തില്‍ 282ഉം ടെസ്റ്റില്‍ 311 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Zaheer Khan And His Bunny Graeme Smith