തിരുവനന്തപുരം: അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് സക്കറിയ.
അലന്റെയും താഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ചതുപോലെ ചെറുപ്പക്കാര്‍ക്ക് നേരെ ഇത്തരം കിരാതമായ ആക്രമണം കഴിഞ്ഞ 10-40 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സക്കറിയ പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ കൂടെ ഉറച്ചു നിന്ന മതേതര കുടുംബത്തിലെ കുട്ടികളെയാണ് ഇടതുസര്‍ക്കാര്‍ ജയിലിലടച്ചതെന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും കൊലക്കുറ്റത്തിന് ജയിലില്‍ കിടക്കുന്ന സ്വന്തം പാര്‍ട്ടിക്കര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സി.പി.ഐ.എം അലനേയും താഹയേയും തള്ളിപ്പറഞ്ഞു എന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
അലനെയും താഹയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സക്കറിയ.
ചൈനയില്‍ ഒരു യാത്രയ്ക്ക് പോയപ്പോള്‍ താന്‍ ഒരു റെഡ് ബുക്ക് വാങ്ങിയിരുന്നെന്നും അതിന്റെ പേരില്‍ താനും അറസ്റ്റ് ചെയ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പൊലീസില്‍ വലിയൊരു കൂട്ടമാളുകള്‍ വര്‍ഗ്ഗീയതയുടെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു.
അവശേഷിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സി.പി.ഐ.എം ഒറ്റുകാരുടെ പാര്‍ട്ടിയാകാന്‍ പാടില്ലെന്ന് പ്രതിഷേധ സംഗമത്തില്‍ അധ്യക്ഷത വഹിച്ച ബി.ആര്‍.പി. ഭാസ്‌കര്‍ പറഞ്ഞു.