അവഗണിച്ച സെലക്ടര്‍മാര്‍ക്ക് മുഖത്തേറ്റ അടി; ടെസ്റ്റില്‍ ഇന്ത്യക്ക് പുറത്തും സഞ്ജുവിന്റെ വലംകൈ തിളങ്ങുന്നു
Sports News
അവഗണിച്ച സെലക്ടര്‍മാര്‍ക്ക് മുഖത്തേറ്റ അടി; ടെസ്റ്റില്‍ ഇന്ത്യക്ക് പുറത്തും സഞ്ജുവിന്റെ വലംകൈ തിളങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 8:19 am

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും മികച്ച പ്രകടനവുമായി നോര്‍താംപ്ടണ്‍ഷെയറിന്റെ ഇന്ത്യന്‍ സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹല്‍. ഡെര്‍ബിഷെയറിനെതിരെ ദി കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന ഫോര്‍ ഡേ ടെസ്റ്റിലാണ് ചഹല്‍ അഞ്ച് വിക്കറ്റ് നേടി തിളങ്ങിയത്.

രണ്ട് മെയ്ഡന്‍ അടക്കം 16.3 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹല്‍ അഞ്ച് വിക്കറ്റ് നേടിയത്. 2.73 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

സൂപ്പര്‍ താരം വെയ്ന്‍ മാഡ്‌സണെ വീഴ്ത്തിയാണ് ചഹല്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ശേഷം അനൂറിന്‍ ഡൊണാള്‍ഡ്, സാക്ക് ചാപ്പല്‍, അലക്‌സ് തോംസണ്‍, ജാക്ക് മോര്‍ലി എന്നിവരെയും രാജസ്ഥാന്റെ റോയല്‍സിന്റെ വജ്രായുധം മടക്കി.

 

തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ ചഹലിന് അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുമ്പോഴും ചഹലിനെ പലപ്പോഴും കണ്ടതായി സെലക്ടര്‍മാര്‍ നടിച്ചിരുന്നില്ല.

ദുലീപ് ട്രോഫിയിലും ചഹല്‍ പുറത്തായിരുന്നു. എന്നാല്‍ ദുലീപ് ട്രോഫി നടക്കുന്ന അതേ സമയത്ത് തന്നെ ഇംഗ്ലണ്ട് മണ്ണില്‍ ചഹല്‍ തിളങ്ങുകയാണ്.

ചഹലിന്റെ ബൗളിങ് പ്രകടനത്തില്‍ നോര്‍താംപ്ടണ്‍ഷെയര്‍ ഡെര്‍ബിഷെയറിനെ 165 റണ്‍സിന് പുറത്താക്കിയിരുന്നു. ചഹലിന് പുറമെ റോബ് കിയോഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സാന്‍ഡേഴ്‌സണും ജസിന്‍ ബോര്‍ഡുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നോര്‍താംപ്ടണ്‍ഷെയര്‍ ആദ്യ ഇന്നിങ്‌സില്‍ 219 റണ്‍സ് നേടി. സെയ്ഫ് സായിബിന്റെ കരുത്തിലാണ് നോര്‍തന്‍സ് മോശമല്ലാത്ത സ്‌കോര്‍ നേടിയതത്. സായിബ് 144 പന്തില്‍ 90 റണ്‍സ് നേടി പുറത്തായി. 45 റണ്‍സ് നേടിയ ജസ്റ്റിന്‍ ബോര്‍ഡാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ആദ്യ ഇന്നിങ്‌സില്‍ ഡെര്‍ബിഷെയറിനായി സാക്ക് ചാപ്പല്‍, മാര്‍ട്ടിന്‍ ആന്‍ഡേഴ്‌സണ്‍, ജാക്ക് മോര്‍ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ക്യാപ്റ്റന്‍ ഡേവിഡ് ലോയ്ഡ്, ഹാരി മൂര്‍, ലൂയീസ് റീസ്, അലക്‌സ് തോംസണ്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

54 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച നോര്‍താംപ്ടണ്‍ഷെയര്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 178ന് അഞ്ച് എന്ന നിലയിലാണ്. 60 പന്തില്‍ 40 റണ്‍സുമായി റോബ് കിയോഗും 15 പന്തില്‍ പത്ത് റണ്‍സുമായി ലൂയീസ് മക്മാനസുമാണ് ക്രീസില്‍.

 

 

Content highlight: Yuzvendra Chahal picks 5 wickets against Derbyshire in County Championship