ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ഖത്തറിലാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്.
ലോകത്തെ മികച്ച രാജ്യങ്ങള്‍ മാറ്റുരക്കുന്ന ലോകകപ്പില്‍ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്. എങ്കിലും ടീമിന്റെ ബലവും മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമുകളെ ഫേവേറെയ്റ്റുകളാക്കാറുണ്ട്.
ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമാണ് അര്‍ജന്റീന. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടീമാണ് അര്‍ജന്റീന. ലയണല്‍ മെസിയുടെയും ലയണല്‍ സ്‌കലോണിയുടെയും കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അര്‍ജന്റീന ഒരു മത്സരത്തില്‍ പോലും തോറ്റിട്ടില്ല.
ലോകകപ്പ് നേടാന്‍ ആരാധകര്‍ ഏറ്റവും സാധ്യത കണക്കാക്കുന്നത് ഒരുപക്ഷെ അര്‍ജന്റീനയായിരിക്കും. അര്‍ജന്റീനയുടെ ഗോള്‍കീപ്പറായ യുവാന്‍ മുസ്സോയും അര്‍ജന്റീന തന്നെ ലോകകപ്പ് ഉയര്‍ത്തുമെന്നാണ് വിശ്വസിക്കുന്നത്.
ഞങ്ങള്‍ക്ക് മെസിയുണ്ടെന്നും ഖത്തറില്‍ ടീം പോകുന്നത് ലോകകപ്പുയര്‍ത്താനുമാണെന്നുമാണ് മുസ്സോ പറയുന്നത്. സ്‌കൈ സപോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ അര്‍ജന്റീന എപ്പോഴും ലോകകപ്പിലെ ഫേവറെയ്റ്റുകളാണ്. ഇത്തവണയും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ക്ക് മെസിയുണ്ട് അതോടൊപ്പം മറ്റൊരുപാട് താരങ്ങളുമുണ്ട്. ഖത്തറിലേക്ക് ഞങ്ങള്‍ പോകുന്നത് കിരീടം നേടാന്‍ വേണ്ടി മാത്രമാണ്,’ മുസ്സോ പറഞ്ഞു.
ഇത്തവണ രണ്ടും കല്‍പ്പിച്ചായിരിക്കും മെസിയും സംഘവും ഇറങ്ങുക. മെസിക്ക് പുറമെ മാര്‍ട്ടിനെസ്, ഡി മരിയ, ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ്, ഡി പോള്‍ എന്നിവരെല്ലാം അര്‍ജന്റൈന്‍ ശക്തികളാണ്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടങ്ങള്‍ അര്‍ജന്റീനക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയില്ല. സൗദി അറേബ്യ മെക്‌സിക്കൊ, പോളണ്ട് എന്നിവരാണ് അര്‍ജന്റീനയുടെ കൂടെ ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടീം.