Kerala News
17ാം തീയ്യതിയിലെ ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ല; നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 14, 11:27 am
Saturday, 14th December 2019, 4:57 pm

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17ാം തീയ്യതി കേരളത്തില്‍ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ പങ്കാളികളാവില്ലെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിലപാട് അറിയിച്ചത്. പ്രസ്തുത ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിലോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്.

ഡിസംബര്‍ 17ന് എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ
മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആര്‍.എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ നടത്തുന്നെന്ന സന്ദേശം പ്രചരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹര്‍ത്താലുമായി ബന്ധമില്ലെന്നും സഹകരിക്കില്ലെന്നും സമസ്തയും വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 19ന് ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ദേശീയ പൗരത്വ ബില്ലിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും സംയുക്ത പ്രക്ഷോഭത്തിനാഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 17ാം തീയതി നടത്താനിരിക്കുന്ന ഹര്‍ത്താല്‍ വിശാല ഐക്യത്തെ ഇല്ലാതാക്കുമെന്ന് പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

17ാം തീയ്യതിയി ഹര്‍ത്താല്‍ നടത്തുന്നതായി കാണിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസ് ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ത്താല്‍ നടത്തിയാല്‍ സംഘടനകളുടെ പേരില്‍ നടപടിയെടുക്കുമെന്നും കാസര്‍ഗോഡ് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

17 ലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. പ്രസ്തുത ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍(പ്രസിഡണ്ട്)
പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി)
മുസ്ലിം യൂത്ത് ലീഗ്
കേരള സ്റ്റേറ്റ് കമ്മിറ്റി.