പശുക്കടത്താരോപിച്ച് വീണ്ടും മര്‍ദ്ദനം: നാലു ഗോസംരക്ഷകര്‍ക്കെതിരെ കേസ്
national news
പശുക്കടത്താരോപിച്ച് വീണ്ടും മര്‍ദ്ദനം: നാലു ഗോസംരക്ഷകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2018, 10:19 am

സൂറത്ത്: പശുക്കടത്ത് ആരോപിച്ച് വീണ്ടും യുവാവിന് ഗോസംരക്ഷകരുടെ മര്‍ദ്ദനം. സൂറത്തിലെ ഇഷ്രോളി ഗ്രാമത്തിലാണ് വാനില്‍ പശുക്കളെ കൊണ്ടുപോകുകയായിരുന്ന യുവാവിനെ നാലു പേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. ആറു പശുക്കിടാങ്ങളുമായി വാനില്‍ യാത്ര ചെയ്യുകയായിരുന്ന മുഹിബ് അബുബക്കറിനെ മഹുവാ റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

മരക്കമ്പുകളും ദണ്ഡുകളുമായി വാഹനത്തില്‍ നിന്നിറങ്ങിയ അക്രമികളെ കണ്ട് മുഹിബ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് കയ്യേറ്റം ചെയ്തതായാണ് പരാതി. സൂറത്ത് ന്യൂ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മുഹിബ് അബൂബക്കര്‍. ആശുപത്രിയധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബര്‍ദോളി പൊലീസെത്തി മുഹിബിന്റെ മൊഴിയെടുക്കുകയായിരുന്നു.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 324, 114 വകുപ്പുകള്‍ പ്രകാരം ഗോസംരക്ഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷം നടന്ന പെട്രോള്‍ പമ്പിന്റെ പരിസരത്തുനിന്നും വാന്‍ കണ്ടെടുത്തെങ്കിലും പശുക്കിടാങ്ങളെ തിരികെ ലഭിച്ചിട്ടില്ല.


Also Read: താജ്മഹലിന്റെ പേര് മാറ്റി രാമ അല്ലെങ്കില്‍ കൃഷ്ണമഹല്‍ എന്നാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ


“നാലു ഗോസംരക്ഷകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടനില തരണം ചെയ്‌തെങ്കിലും മുഹിബിന്റെ തലയ്ക്കും കൈകള്‍ക്കും സാരമായ പരിക്കുണ്ട്. ശരിയായി സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല. പ്രതികളെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉടനെ തന്നെ അറസ്റ്റ് ഉണ്ടായേക്കും.” ബര്‍ദോളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബി. കെ. പട്ടേല്‍ മാധ്യമങ്ങളോടു പറഞ്ഞു.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഗോസംരക്ഷക അതിക്രമങ്ങളില്‍ ഏറ്റവുമൊടുവിലത്തെ സംഭവമാണിത്.