national news
മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിന്റെ അമ്മയ്ക്ക് ക്രൂരപീഡനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 19, 05:11 am
Monday, 19th August 2024, 10:41 am

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജാതിവെറി. മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ അമ്മയ്ക്ക് ക്രൂരപീഡനമേറ്റതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14ന് ധര്‍മപുരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിന്റെ അമ്മയെ വിവസ്ത്രയാക്കി തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്.

മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് 24 കാരനായ യുവാവും 23 കാരിയായ പെണ്‍കുട്ടിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ദളിത് വിഭാഗത്തില്‍ പെട്ട യുവാവിന്റെയും ഗൗഡ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയുടെയും ബന്ധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ജാതീയമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് യുവാവിന്റെ അമ്മയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്.

സംഭവത്തില്‍, യുവാവിന്റെ വീട്ടിലെത്തിയ പ്രതികള്‍ അമ്മയെ ഘരാവോ ചെയ്യുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഓഗസ്റ്റ് 14 ബുധനാഴ്ച തട്ടികൊണ്ടുപോയ സ്ത്രീയെ വൈകീട്ട് വിട്ടയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാവിന്റെ അമ്മയെ തട്ടിക്കൊണ്ടുപോയതില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണ ഉദ്യോസ്ഥന്‍ പറഞ്ഞു. എസ്.സി/എസ്.ടി ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Content Highlight: Young man’s mother brutally tortured for falling in love with an upper caste girl