സഞ്ജുവിനും പിള്ളേര്‍ക്കും പിടി അങ്ങ് ജമൈക്കയിലും ഉണ്ട് മോനേ... ട്രാക്കിനെ തീ പിടിപ്പിച്ച ഓട്ടക്കാരന്‍ കട്ട ഫാനാണത്രേ...
IPL
സഞ്ജുവിനും പിള്ളേര്‍ക്കും പിടി അങ്ങ് ജമൈക്കയിലും ഉണ്ട് മോനേ... ട്രാക്കിനെ തീ പിടിപ്പിച്ച ഓട്ടക്കാരന്‍ കട്ട ഫാനാണത്രേ...
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th April 2023, 11:16 pm

രാജസ്ഥാന്‍ റോയല്‍സിന് വിജയാശംസകളുമായി ജമൈക്കന്‍ സ്പ്രിന്ററും ഒളിമ്പ്യനുമായ യോഹാന്‍ ബ്ലേക്ക്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം നാല് മെഡലുകള്‍ നേടിയ താരമാണ് യോഹാന്‍ ബ്ലേക്ക്.

വ്യക്തിഗത ഇനത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഇനത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് പിന്നാലെ വെള്ളി മെഡല്‍ നേടിയ ബ്ലേക്ക് 4×100 മീറ്റര്‍ റിലേയിലും 4×200 മീറ്റര്‍ റിലേയിലും ജമൈക്കന്‍ ടീമിനായി സ്വര്‍ണവും നേടിയിരുന്നു.

 

 

ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബ്ലേക്ക് രാജസ്ഥാന് വിജയാശംസകള്‍ നേര്‍ന്നത്. ആദ്യ മത്സരത്തില്‍ വിജയിച്ചതിന് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും വരും മത്സരങ്ങളില്‍ ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഈ ട്വീറ്റ് ടീം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയണിഞ്ഞ ബ്ലേക്കിന്റെ ചിത്രവും രാജസ്ഥാന്‍ തങ്ങളുടെ സമൂഹമാധ്യമങ്ങിളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. തങ്ങളുടെ സെക്കന്‍ഡ് ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സിനെയാണ് ടീമിന് നേരിടാനുള്ളത്.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമായിരുന്നു രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍മാരുടെയും ക്യാപ്റ്റന്‍ സഞ്ജുവിന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ രാജസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു.

ജോസ് ബട്‌ലര്‍ 22 പന്തില്‍ നിന്നും 54 റണ്‍സ് നേടിയപ്പോള്‍, യശസ്വി ജെയ്‌സ്വാള്‍ 37പന്തില്‍ നിന്നും 54റണ്‍സ് നേടി പുറത്തായി. 32 പന്തില്‍ നിന്നും 55 റണ്‍സായിരുന്നു സഞ്ജു സാംസണിന്റെ സമ്പാദ്യം.

ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് ആദ്യ ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് ഇരട്ട പ്രഹരമേല്‍പിച്ചിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയെയും രാഹുല്‍ ത്രിപാഠിയെയും പൂജ്യത്തിന് പുറത്താക്കിയാണ് ബോള്‍ട്ട് തുടങ്ങിയത്.

പിന്നാലെ മാജിക്കല്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തുകയും മറ്റ് ബൗളര്‍മാര്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ സണ്‍റൈസേഴ്‌സ് 131 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

 

Content highlight: Yohan Blake wishes good luck for Rajasthan Royals