സനാ: യു.എസ് ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെ നാവിക യൂണിറ്റ് ആക്രമണം നടത്തിയതായി യെമൻ.
യു.എസ് ഉടമസ്ഥതയിലുള്ള സ്റ്റാർ നസിയ കപ്പലും ബ്രിട്ടന്റെ മോണിങ് ടൈഡ് കപ്പലുമാണ് തങ്ങൾ ആക്രമിച്ചതെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരി ടെലിവിഷൻ ലൈവിൽ അറിയിച്ചു.
‘ഉചിതമായ’ മിസൈലുകൾ ഉപയോഗിച്ചാണ് ഇരുകപ്പലുകളെയും ആക്രമിച്ചതെന്ന് സരീ പറഞ്ഞു.
ഗസയിലെ ഫലസ്തീനികളെ പിന്തുണച്ചുകൊണ്ടും യെമന് നേരെയുള്ള അമേരിക്കൻ-ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായുമാണ് കപ്പലുകളെ ആക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടന്നുവെന്ന് യു.കെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സർവീസ് സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
യെമനി തുറമുഖമായ ഹുദയ്ദക്ക് സമീപമാണ് ആക്രമണമുണ്ടായത്. മോണിങ് ടൈഡിന് നേരെയുണ്ടായ ആക്രമണത്തിൽ ആളപായമില്ലെന്നും കപ്പൽ സിംഗപ്പൂരിലേക്കുള്ള യാത്ര തുടരുകയാണെന്നും ബ്രിട്ടീഷ് ഷിപ്പിങ് കമ്പനിയായ ഫുറാഡിനോ അറിയിച്ചു.