Advertisement
national news
'ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം': മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്ത് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 27, 11:46 am
Wednesday, 27th March 2019, 5:16 pm

ന്യൂദൽഹി: ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആർ.ഡി.ഒ. മേധാവി ആയിരുന്നെന്ന് കുറ്റപ്പെടുത്തി സി.പി.ഐ.എം. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് കൊണ്ട് സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ സുനിൽ അറോറയ്ക്ക് പരാതി നൽകി.

Also Read നടി ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; പോരാട്ടം ബി.ജെ.പിക്കെതിരെയെന്നും താരം

2012ൽ ഇതേ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് രാജ്യത്തിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്ന്‌ ഇക്കാര്യം ജനങ്ങളെ അറിയിച്ചത് ഡി.ആർ.ഡി.ഒ. മേധാവി ആയിരുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു. 2012ൽ ആന്റൈ ബാലിസ്റ്റിക് മിസൈലുകളുടെയും അഗ്നി പരമ്പരയിലുള്ള മിസൈലുകളുടെയും കൂടെയാണ് ഈ സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിരുന്നത്. സീതാറാം യെച്ചൂരി പരാതിയിൽ പറയുന്നു.

“രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനും, തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചതിനും ശേഷമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും വരുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈവിധം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിഞ്ഞിരുന്നോ എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പ്രവർത്തിയെ പരിഗണിക്കുകയും അതിന് അനുവാദം നൽകുകയും ചെയ്തിരുന്നോ?”. സീതാറാം യെച്ചൂരി തന്റെ പരാതിയിൽ ചോദിക്കുന്നു.

Also Read മോദിയുടെ മിസൈല്‍ അന്വേഷണ പരീക്ഷണങ്ങള്‍!!! യാഥാര്‍ത്ഥ്യം ഇതാണ്

“സാധാരണ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുക ഡി.ആർ.ഡി.ഒ. ഉദ്യോഗസ്ഥരോ, അതുപോലുള്ള പദവിയിൽ ഉള്ള മറ്റുള്ളവരോ ആണ്. പ്രധാനമന്ത്രി സ്വയം ഈ ഉദ്യമം ഏറ്റെടുത്തത് തെറ്റാണ്.” ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് മുന്നേറാൻ അവസരം ഒരുക്കിത്തന്ന ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ‘മിഷന്‍ ശക്തി’ എന്നാണ് ഈ പദ്ധതിയുടെ പേര്.

Also Read പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്; കേന്ദ്രനേതാക്കളുമായി ചര്‍ച്ച തുടങ്ങി

പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടുവെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടിരുന്നു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചതെന്നും ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി പ്രഖ്യാപനം നടത്തിയിരുന്നു.