ബാഴ്‌സലോണയുടെ ഹെഡ് കോച്ചായി ടീമിന്റെ മുന്‍ സൂപ്പര്‍താരം സാവി ഹെര്‍ണാണ്ടസ് വരുന്നു. താരത്തിന്റെ തിരിച്ചുവരവ് കാറ്റലന്‍ ക്ലബ് വൈകാതെ പ്രഖ്യാപിക്കും. 2019 മുതല്‍ ഖത്തര്‍ ക്ലബ് അല്‍-സാദിന്റെ പരിശീലകനാണ് സാവി.
സാവിയെ വിട്ടുകിട്ടുന്നതിന് തങ്ങളുമായി ബാഴ്‌സലോണ കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അല്‍-സാദ് വക്താക്കള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. സാവിയുടെ ‘റിലീസ് ക്ലോസി’ന് വേണ്ട തുക ബാഴ്‌സലോണ നല്‍കിയിട്ടുണ്ടെന്നും അല്‍-സാദ് ചീഫ് എക്‌സിക്യൂട്ടീവ് ടര്‍ക്കി അല്‍-അലി പറഞ്ഞു. 5.8 മില്യണ്‍ യൂറോയാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
”ഭാവിയില്‍ ബാഴ്‌സലോണയുമായുള്ള സഹകരണങ്ങള്‍ക്കും ധാരണയായിട്ടുണ്ട്. അല്‍-സാദിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ടയാളാണ് സാവി. അദ്ദേഹത്തിന് ഞങ്ങള്‍ വിജയം നേരുന്നു,” അല്‍-അലി പറഞ്ഞു.
ചര്‍ച്ചകള്‍ക്കായി ബാഴ്‌സലോണ അവരുടെ വൈസ് പ്രസിഡന്റ് റാഫ യസ്‌തെയെ ബുധനാഴ്ച ദോഹയിലേയ്ക്ക് അയച്ചിരുന്നു. നേരത്തെ സാവിയെ തങ്ങളുടെ ടീമില്‍ തന്നെ നിലനിര്‍ത്തുമെന്നായിരുന്നു അല്‍-സാദിന്റെ നിലപാട്.
”തന്റെ ഹോംടൗണ്‍ ക്ലബായ ബാഴ്‌സലോണ ഇന്ന് നേരിടുന്ന പ്രതിസന്ധി കാരണം ടീമിലേക്ക് തിരിച്ച് പോവാനുള്ള ആഗ്രഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാവി അറിയിച്ചു. ഞങ്ങള്‍ അത് മനസിലാക്കി. അദ്ദേഹത്തിന്റെ വഴിയില്‍ തടസം നില്‍ക്കേണ്ട എന്ന് തീരുമാനിച്ചു,” അല്‍-അലി കൂട്ടിച്ചേര്‍ത്തു.
വലിയ കടബാധ്യതയിലാണ് ബാഴ്‌സലോണ മുന്നോട്ട് പോകുന്നതെന്ന് ക്ലബ് അധികൃതര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മെസിയും പോയതോടെ വലിയ പ്രതിസന്ധിയിലാണ് ക്ലബ്.