ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിച്ചിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഷാകിബ് അല്‍ ഹസനും സംഘവും ഇന്ത്യയെ തോല്‍പിച്ചുവിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകള്‍ ഷാകിബ് അല്‍ ഹസന്റെയും തൗഹിദ് ഹിരോദിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും അക്‌സര്‍ പട്ടേലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും കരുത്തില്‍ ചെറുത്ത് നിന്നെങ്കിലും ബംഗ്ലാദേശ് ടോട്ടല്‍ മറികടക്കാന്‍ സാധിച്ചിരുന്നില്ല.
What a win! 👏
Bangladesh end their #AsiaCup2023 campaign on a high by beating finalists India in the final Super 4 game 💪#INDvBAN | https://t.co/ZOsknWbjNs pic.twitter.com/LKJJ7hdJ4b
— ICC (@ICC) September 15, 2023
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ പൂജ്യം റണ്‍സിനാണ് രോഹിത് ശര്‍മ പുറത്തായത്. ഇതോടെ ഇന്ത്യക്ക് തുടക്കത്തിലേയുള്ള മൊമെന്റവും നഷ്ടപ്പെട്ടിരുന്നു.
ഈ ഡക്കിന് പുറമെ പല മോശം റെക്കോഡുകളും രോഹിത് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഏകദിനത്തില്‍ ഇത് 15ാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന ആറാം താരമെന്ന റെക്കോഡും ആക്ടീവ് പ്ലെയേഴ്‌സില്‍ ഒന്നാമന്‍ എന്ന റെക്കോഡും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പമാണ് രോഹിത് ഈ രണ്ട് സ്ഥാനങ്ങളും പങ്കിടുന്നത്.
ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും ഇതോടെ രോഹിത് ഉയര്‍ന്നു. ഇത് 29ാം തവണയാണ് രോഹിത് അന്താരാഷ്ട്ര തലത്തില്‍ പൂജ്യത്തിന് പുറത്താകുന്നത്.
ഏകദിനത്തില്‍ 15 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ടി-20യില്‍ പത്ത് തവണയും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നാല് തവണയും പൂജ്യത്തിന് പുറത്തായിരുന്നു.
ഇന്ത്യക്കായി കളിക്കവെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍ (ഒന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34
വിരാട് കോഹ്‌ലി – 33
വിരേന്ദര്‍ സേവാഗ് – 31
രോഹിത് ശര്‍മ – 29
സൗരവ് ഗാംഗുലി – 29
യുവരാജ് സിങ് – 26
സുരേഷ് റെയ്‌ന – 25
ശ്രീലങ്കന്‍ മണ്ണില്‍ ഇത് ഏഴാം തവണയാണ് രോഹിത് ശര്‍മ പൂജ്യത്തിന് പുറത്താകുന്നത്. മറ്റേത് രാജ്യത്തെക്കാളും കൂടുതലാണിത്.
ഓരോ രാജ്യങ്ങളിലും രോഹിത് ശര്‍മ നേടിയ ഡക്കുകള്‍
ശ്രീലങ്ക – 7*
ഇന്ത്യ – 5
ഓസ്‌ട്രേലിയ – 5
സൗത്ത് ആഫ്രിക്ക – 3
ഇംഗ്ലണ്ട് – 2
വെസ്റ്റ് ഇന്‍ഡീസ് – 2
ബംഗ്ലാദേശ് – 2
ന്യൂസിലാന്‍ഡ് – 1
യു.എ.ഇ – 1
അയര്‍ലന്‍ഡ് – 1
ഇതോടെ ഏഷ്യാ കപ്പില്‍ ഏറ്റവുമധികം ഡക്കായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് ഇടം നേടി. ഏഷ്യാ കപ്പില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയിലും ഹിറ്റ്മാന്‍ ഒന്നാമന്‍ തന്നെ.
ഏഷ്യാ കപ്പില്‍ ഏറ്റവുമധികം പൂജ്യത്തിന് പുറത്തായ താരങ്ങള്‍
(താരം – രാജ്യം – ഡക്കുകള്‍)
റൂബല്‍ ഹുസൈന്‍ – ബംഗ്ലാദേശ് – 3
സല്‍മാന്‍ ബട്ട് – പാകിസ്ഥാന്‍ – 3
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 3
അമിനുള്‍ ഇസ്‌ലാം – ബംഗ്ലാദേശ് – 3
രോഹിത് ശര്‍മ – ഇന്ത്യ – 3
Content highlight: Worst records of Rohit Sharma