ദോഹ: ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്രഈലി അവതാരകന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ പ്രതിഷേധിച്ച് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി കൊളംബിയന്‍ ഗായകന്‍ മലുമ (Maluma).
ഇസ്രഈലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍ ഖത്തറില്‍ വെച്ച് നടത്തിയ അഭിമുഖമാണ് ഗായകന്‍ ബഹിഷ്‌കരിച്ചത്.
ഖത്തര്‍ വേള്‍ഡ് കപ്പ് ആന്‍തമായ (World Cup anthem) ടൂക്കോ ടാക്കയുടെ (Tukoh Taka) ഗായകരിലൊരാളാണ് മലുമ. നിക്കി മിനാജ്, മിറിയം ഫെയേഴ്സ്, മലുമ എന്നിവര്‍ ചേര്‍ന്നാണ് ഫിഫ സൗണ്ട്ട്രാക്കിന്റെ ഏറ്റവും പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം.
മലുമ
എന്നാല്‍ അവതാരകന്‍ ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് മലുമയോട് തുടര്‍ച്ചയായി ചോദ്യം ചോദിക്കുകയും മറുപടി പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് മലുമ അവിടെ നിന്ന് ഇറങ്ങിപ്പോയത്.
‘മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ മോശം റെക്കോഡ് കാരണം ഷാക്കിറയും (Shakira) ദുവാ ലിപയും (Dua Lipa) ഖത്തര്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. പക്ഷെ മലുമ ഇതില്‍ പങ്കെടുക്കുന്നു.
ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ താങ്കള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലേ എന്ന് സ്വാഭാവികമായും ആളുകള്‍ ചിന്തിക്കില്ലേ’, എന്നായിരുന്നു അവതാരകന്‍ മോവ് വാര്‍ഡിയുടെ (Moav Vardi) ചോദ്യം.
”പക്ഷെ, അത് എനിക്ക് പരിഹരിക്കാന്‍ പറ്റുന്ന വിഷയമല്ലല്ലോ. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്റെ ജീവിതം ആസ്വദിക്കാനാണ്, ഫുട്‌ബോള്‍ ആസ്വദിക്കാനും അതിന്റെ പാര്‍ട്ടി എന്‍ജോയ് ചെയ്യാനുമാണ്,” എന്നായിരുന്നു മലുമ അവതാരകന് നല്‍കിയ മറുപടി.
ഇതോടെ, ‘ലോകകപ്പിന്റെ ഭാഗമാകുന്നതോട് കൂടി, നിങ്ങളുടെ സാന്നിധ്യം തന്നെ ഇവിടത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ വൈറ്റ് വാഷ് ചെയ്യുന്ന ഖത്തര്‍ സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടിയാണ് എന്ന് ആളുകള്‍ ചിന്തിക്കില്ലേ, ആളുകള്‍ എന്തായാലും ഇതിനെ പറ്റി ചോദിക്കുമല്ലോ,’ എന്ന് അവതാരകന്‍ വീണ്ടും ചോദിക്കുകയായിരുന്നു.
‘ഇതിന് ഞാന്‍ ഉത്തരം പറയണമെന്ന് നിര്‍ബന്ധമാണോ’ എന്ന് മലുമ ഇതോടെ ചോദിച്ചു. പിന്നാലെ അദ്ദേഹം ഇന്റര്‍വ്യൂ ബഹിഷ്‌കരിച്ചുകൊണ്ട് എഴുന്നേറ്റ് പോകുകയായിരുന്നു. ഇന്റര്‍വ്യൂവറോട് ‘നിങ്ങള്‍ വളരെ അപമര്യാദയായാണ് പെരുമാറുന്നത്’ (You’re rude) എന്ന് മലുമ പറയുന്നതായും വീഡിയോയില്‍ കേള്‍ക്കാം.
‘ആളുകള്‍ ചിന്തിക്കുന്നതും പറയുന്നതും ഇതായിരിക്കും’ എന്നാണ് ഓരോ ചോദ്യത്തിന് മുമ്പും അവതാരകന്‍ പറയുന്നത്.
അതേസമയം, ലോകകപ്പിന്റെ വേദിയാകുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ ക്യാമ്പെയിന്‍ മോഡലില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നുണ്ട്.
ദ ന്യൂസ് ഏജന്റ്സ് എന്ന പോഡ്കാസ്റ്റ് ഷോയില്‍ വെച്ച് ബ്രിട്ടീഷ്-അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ പിയേഴ്സ് മോര്‍ഗന്‍ ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞിരുന്നു.
സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കുന്ന ഖത്തറിനെതിരെ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നായിരുന്നു പിയേഴ്സ് മോര്‍ഗന്‍ പറഞ്ഞത്. ഖത്തറിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെയും വിമര്‍ശനങ്ങളുടെയും അതേ അളവുകോല്‍ വെച്ച് മറ്റ് രാജ്യങ്ങളെയും അളക്കാന്‍ തുടങ്ങിയാല്‍ ലോകകപ്പിന് വേദിയാകാന്‍ യോഗ്യതയുള്ള ഒരു രാഷ്ട്രവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഇപ്പാള്‍ നടക്കുന്ന ഈ സ്പോര്‍ട്സ്വാഷിങ് ഡിബേറ്റുകള്‍ തികച്ചും കപടമായ അഭിപ്രായപ്രകടനങ്ങളാണ്. ലോകകപ്പിന് മത്സരിക്കുന്ന 32 രാജ്യങ്ങളില്‍ എട്ടിലും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗാനുരാഗത്തിന്റേ പേരും പറഞ്ഞാണ് നിങ്ങള്‍ ഖത്തറിനെതിരെ തിരിയുന്നതെങ്കില്‍ മറ്റ് ഏഴ് രാജ്യങ്ങളോടും അങ്ങനെ തന്നെ പെരുമാറണം.
അമേരിക്കയിലേക്ക് വേദി മാറ്റാനാണ് ആലോചിക്കുന്നതെങ്കില്‍ അവിടെ ഇതിനേക്കാള്‍ ക്രൂരവും പിന്തിരിപ്പനുമായ നിയമങ്ങളാണുള്ളത്. അബോര്‍ഷന്റെ കാര്യം തന്നെ ഉദാഹരണം. യു.കെയിലും അങ്ങനെ തന്നെയാണ്.
ഇറാഖില്‍ നിയമവിരുദ്ധ അധിനിവേശം നടത്തിയവരാണ് നമ്മള്‍ (യു.എസ്). ഐ.എസ്.ഐ.എസിന്റെ തീവ്രവാദത്തിനും തുടക്കം കുറിച്ചു. 20 വര്‍ഷങ്ങളിലേറെയായി ആ തീവ്രവാദം തുടരുന്നു. ആ നമുക്ക് ലോകകപ്പ് വേദിയാകാന്‍ എന്തെങ്കിലും യോഗ്യതയുണ്ടോ,” എന്നായിരുന്നു പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞത്.
പാശ്ചാത്യമാധ്യമങ്ങളടക്കമുള്ളവര്‍ ഖത്തറിനെതിരെ നല്‍കുന്ന വാര്‍ത്തകളും വിമര്‍ശനങ്ങളും ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞതാണെന്നാണ്
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയും (Gianni Infantino) പറഞ്ഞിരുന്നു.
”ഇത്ഇരട്ടത്താപ്പ്. ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് വലിയ ഉപദേശമൊന്നും തരണമെന്ന് എനിക്കില്ല. പക്ഷെ നൂറ് ശതമാനവും അനീതിയാണ് ഈ വിമര്‍ശനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 3000 വര്‍ഷം കൊണ്ട്നമ്മള്‍ യൂറോപ്പുകാര്‍ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത 3000 വര്‍ഷത്തേക്കെങ്കിലും മാപ്പ് പറയണം. എന്നിട്ടേ മറ്റുള്ളവര്‍ക്ക് സാരോപദേശം കൊടുക്കാന്‍ നമ്മള്‍ ഇറങ്ങാന്‍ പാടുള്ളു,” ഇന്‍ഫെന്റിനോ പറഞ്ഞു.
സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമായി തന്നെ കണക്കാക്കുന്ന ഖത്തറിലെ നിയമവ്യവസ്ഥക്കെതിരെ ഖത്തറില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.
ലോകകപ്പിന്റെ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ നടന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളെയും തൊഴില്‍ ചൂഷണങ്ങളെയും കുറിച്ച് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ ടീമുകളും പാശ്ചാത്യമാധ്യമങ്ങളും ഖത്തറിനെതിരെ വ്യാജ വാര്‍ത്തകളടക്കം നല്‍കികൊണ്ട് നടത്തുന്ന ക്യാമ്പെയ്നിന്പിന്നില്‍ മുസ്‌ലിം വിരോധവും വംശീയതയുമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Content Highlight: World Cup anthem singer Maluma leaves Israeli interview when frequently asked about Qatar human rights