ഇന്ത്യക്ക് ഇരട്ട തോല്‍വി; അനിയന്‍മാര്‍ക്ക് പിന്നാലെ വല്ല്യേട്ടന്‍മാര്‍ക്കും തിരിച്ചടി, ഇന്ത്യക്കിത് ബ്ലാക്ക് സാറ്റര്‍ഡേ
Sports News
ഇന്ത്യക്ക് ഇരട്ട തോല്‍വി; അനിയന്‍മാര്‍ക്ക് പിന്നാലെ വല്ല്യേട്ടന്‍മാര്‍ക്കും തിരിച്ചടി, ഇന്ത്യക്കിത് ബ്ലാക്ക് സാറ്റര്‍ഡേ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th July 2024, 8:02 am

ശനിയാഴ്ച നടന്ന രണ്ട് മത്സരത്തിലും ഇന്ത്യന്‍ ടീമുകള്‍ക്ക് പരാജയം. ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലും സംഘവും പരാജയപ്പെട്ടപ്പോള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ഇന്ത്യ ചാമ്പ്യന്‍സിനെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് പരാജയപ്പെടുത്തി.

എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.

പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 244 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ കത്തിക്കയറി. ആദ്യ വിക്കറ്റില്‍ 145 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് അടിച്ചെടുത്തത്.

ഷര്‍ജില്‍ ഖാന്റെ വിക്കറ്റാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. അനുരീത് സിങ്ങിന്റെ പന്തില്‍ ആര്‍.പി. സിങ് ക്യാച്ചെടുത്താണ് ഷര്‍ജില്‍ ഖാനെ പുറത്താക്കിയത്. 30 പന്തില്‍ 72 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. അഞ്ച് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 240.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ആദ്യ വിക്കറ്റ് വീണ് 12ാം പന്തില്‍ പാകിസ്ഥാന് അടുത്ത വിക്കറ്റും നഷ്ടമായി. ഇത്തവണ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെയാണ് പാകിസ്ഥാന് നഷ്ടമായത്. ഇതിന് മുമ്പ് നടന്ന രണ്ട് മത്സരത്തിലും ഒറ്റയക്കത്തിന് പുറത്തായ കമ്രാന്‍ അക്മല്‍ ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് തിളങ്ങിയത്. നാല് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടക്കം 40 പന്തില്‍ 77 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സമ്പാദ്യം.

ഷോയ്ബ് മഖ്‌സൂദ് 26 പന്തില്‍ 51 റണ്‍സ് നേടി സ്‌കോറിങ്ങില്‍ കരുത്തായി. അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 18 പന്തില്‍ 25 റണ്‍സുമായി ഷോയ്ബ് മാലിക്കും തിളങ്ങി.

ഗോള്‍ഡന്‍ ഡക്കായ ഷാഹിദ് അഫ്രിദി മാത്രമാണ് ബാറ്റിങ് നിരയില്‍ പരാജയമായത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി ആര്‍.പി. സിങ്, പവന്‍ നേഗി, അനുരീത് സിങ്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും മോശമല്ലാത്ത തുടക്കം ലഭിച്ചു. റോബിന്‍ ഉത്തപ്പയും അംബാട്ടി റായിഡുവും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

മൂന്നാം ഓവറിലെ നാലാം പന്തില്‍ ഉത്തപ്പയെ വീഴ്ത്തി സൊഹൈല്‍ ഖാന്‍ ഇന്ത്യയെ ഞെട്ടിച്ചു. 12 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണായി സൂപ്പര്‍ താരം സുരേഷ് റെയ്‌ന കളത്തിലിറങ്ങി. അംബാട്ടി റായിഡുവിനെ ഒപ്പം കൂട്ടി റെയ്‌ന സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

എട്ടാം ഓവറിലെ അവസാന പന്തില്‍, ടീം സ്‌കോര്‍ 89ല്‍ നില്‍ക്കവെ റായിഡുവിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 23 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെ ഷോയ്ബ് മാലിക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് റായിഡു മടങ്ങിയത്.

പിന്നാലെയെത്തിയ യൂസുഫ് പത്താന്‍ ഡയമണ്ട് ഡക്കായും പുറത്തായി.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ താരമായ ഗുര്‍കിരാത് മന്‍ പാകിസ്ഥാനെതിരെ നിരാശപ്പെടുത്തി. നാല് പന്തില്‍ ഒരു റണ്ണുമായി താരം മടങ്ങി.

യുവരാജ് സിങ് (11 പന്തില്‍ 14), ഇര്‍ഫാന്‍ പത്താന്‍ (9പന്തില്‍ 15), പവന്‍ നേഗി (2 പന്തില്‍ 1), ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ് (5 പന്തില്‍ 1) എന്നിവരുടെ വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് റെയ്‌ന ഉറച്ചുനിന്നു.

ടീം സ്‌കോര്‍ 160ല്‍ നില്‍ക്കവെ ഒമ്പതാം വിക്കറ്റായി റെയ്‌നയും പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പതിന് 175 എന്ന നിലയില്‍ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു.

പാകിസ്ഥാന്‍ ചാമ്പ്യന്‍സിനായി വഹാബ് റിയാസും ഷോയ്ബ് മാലിക്കും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ സൊഹൈല്‍ ഖാനും സൊഹൈല്‍ തന്‍വീറും ഓരോ വിക്കറ്റ് വീതവും നേടി.

ഈ വിജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തോക്ക് കയറിയപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു.

ജൂലൈ എട്ടിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ നേരിടും. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.

 

Content Highlight: World Championship of Legends: Pakistan Champions defeated India Champions