ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആതിഥേയത്വം വഹിക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിന് തോല്‍വി. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് ഗെയ്‌ലിനെയും സംഘത്തെയും തകര്‍ത്തുവിട്ടത്. 29റണ്‍സിനായിരുന്നു കരീബിയന്‍ കരുത്തരുടെ പരാജയം.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് നായകന്‍ യൂനിസ് ഖാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ ടോപ് ഓര്‍ഡറിലെ മറ്റ് ബാറ്റര്‍മാര്‍ ചെറുത്തുനിന്നു. ഷര്‍ജീല്‍ ഖാന്‍ 15 പന്തില്‍ 233.33 സ്‌ട്രൈക്ക് റേറ്റില്‍ 35 റണ്‍സാണ് അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സറും നാല് ഫോറുമാണ് ഖാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. മൂന്നാം നമ്പറിലിറങ്ങിയ ഷോയ്ബ് മഖ്‌സൂദും നിരാശനാക്കിയില്ല. രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമായി 12 പന്തില്‍ 22 റണ്‍സ് താരം സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റന്‍ യൂനിസ് ഖാന് വിന്‍ഡീസിനെതിരെ തിളങ്ങാനായില്ല. രണ്ട് മത്സരത്തില്‍ രണ്ട് റണ്‍സാണ് താരം നേടിയത്. എന്നാല്‍ അര്‍ധ സെഞ്ച്വറി നേടിയ ഷോയ്ബ് മാലിക് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങി.
അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമായി 41 പന്തില്‍ 54 റണ്‍സാണ് മാലിക് നേടിയത്.
ആമിര്‍ യാമിന്‍ 11 പന്തില്‍ പുറത്താകാതെ 29റണ്‍സ് നേടി. ചെറുതെങ്കിലും ഷാഹിദ് അഫ്രിദിയും മിസ്ബ ഉള്‍ ഹഖും തങ്ങളുടെ സംഭാവനകളും നല്‍കിയതോടെ പാകിസ്ഥാന്‍ സ്‌കോര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194ലെത്തി.
നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആഷ്‌ലി നേഴ്‌സാണ് വിന്‍ഡീസ് നിരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്. ഫിഡല്‍ എഡ്വാര്‍ഡ്‌സ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുലൈമാന്‍ ബെന്‍, സാമുവല്‍ ബദ്രീ, ജെറോം ടെയ്‌ലര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിന് തുടക്കം പാളി. ക്യാപ്റ്റന്‍ ക്രിസ് ഗെയ്ല്‍ താളം കണ്ടെത്താന്‍ പാടുപെടുന്ന കാഴ്ചയായിരുന്നു എഡ്ജ്ബാസ്റ്റണില്‍ കണ്ടത്.
ആകാശം തൊടുന്ന ഷോട്ടുകള്‍ പിറന്നിരുന്ന കരീബിയന്‍ സിക്‌സ് ഹിറ്ററിന്റെ ബാറ്റില്‍ നിന്നും ഒറ്റ ബൗണ്ടറി പോലും പിറന്നില്ല. 11 പന്തില്‍ രണ്ട് റണ്‍സുമായി യൂണിവേഴ്‌സല്‍ ബോസ് മടങ്ങി. 18.18 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
പാക് ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറിയ ഈ കൂട്ടുകെട്ട് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി. മൂന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ കാര്‍ട്ടറെ മടക്കി വഹാബ് റിയാസ് പാകിസ്ഥാനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 25 പന്തില്‍ 34 റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ആഷ്‌ലി നേഴ്‌സ് അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി.
ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ സ്മിത്തിനെയും വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായി. എട്ട് ഫോറും രണ്ട് സിക്‌സറുമായി 46 പന്തില്‍ 65 റണ്‍സാണ് സ്മിത് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. 141.3 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
പിന്നാലെയെത്തിയവരില്‍ ആറ് പന്തില്‍ 13 റണ്‍സ് നേടിയ ജെറോം ടെയ്‌ലറാണ് ചെറുത്തനില്‍പ്പിനെങ്കിലും ശ്രമിച്ചത്. എന്നാല്‍ പിന്തുണ ലഭിക്കാതെ വന്നതോടെ നിശ്ചിത ഓവറില്‍ പാകിസ്ഥാന്‍ 165ന് ഒമ്പത് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
പാകിസ്ഥാനായി സൊഹൈല്‍ തന്‍വീര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ ഷാഹിദ് അഫ്രിദി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വഹാബ് റിയാസാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റും നേടിയത്.
ഇതോടെ കളിച്ച രണ്ട് മത്സരത്തില്‍ രണ്ട് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ്. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവുമായി ഇംഗ്ലണ്ട് രണ്ടാമതും, കളിച്ച ഒറ്റ മത്സരത്തില്‍ മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്നാമതുമാണ്.
ജൂലൈ ആറിനാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. കരുത്തരായ ഇന്ത്യ ചാമ്പ്യന്‍സാണ് എതിരാളികള്‍.
അതേസമയം, ജൂണ്‍ അഞ്ചിന് രണ്ട് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ അരങ്ങേറുക. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെയും രാത്രി ഒമ്പത് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെയും നേരിടും.