കോഴിക്കോട്: നിപ കാലത്ത് മെഡിക്കല്‍ കോളജില്‍ ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ പിരിച്ചു വിടലിനെ തുടര്‍ന്ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെല്ലാം ഭീതി മൂലം മാറിനിന്നപ്പോള്‍ പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ പിടിച്ചു നിര്‍ത്തിയത് അന്ന് ജോലി ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന ഈ 45 ജീവനക്കാരാണ്. ഇവരെയാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ മനുഷ്യത്വ വിരുദ്ധമായി ജോലിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന്ജീവനക്കാര്‍ പറഞ്ഞു.
ആരോഗ്യ മന്ത്രി നേരില്‍ കണ്ട് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ശമ്പള വര്‍ദ്ധനവ് പോലും ഇത് വരെ നടന്നിട്ടില്ല. നിപ നിരീക്ഷണ കാലാവധി തീര്‍ന്ന താത്കാലിക ജീവനക്കാരായിരുന്ന ഇവരോട് ജൂണ്‍ 31ന് ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഇടപ്പെട്ട് ഡിസംബര്‍ 31 വരെ ജോലി നീട്ടി നല്‍കുകയായിരുന്നു.
ഈ കാലാവധി തീരുന്ന ഡിസംബര്‍ 31 ന് ജോലിക്കെത്തിയ ജീവനക്കാരോട് നാളെ മുതല്‍ ജോലിക്ക് വരേണ്ടതില്ല എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. നിപ കാലത്ത് പേടിച്ച് മാറി നിന്ന അതേ ജീവനക്കാരെ ഇന്റര്‍വ്യൂ നടത്തി ജോലിയില്‍ നിയമിച്ചിരിക്കുകയാണ്. നിയമന സമയത്ത് ഈ 45 പേരെ പരിഗണിക്കുക പോലും ചെയ്തില്ല.
മറ്റൊരു ജോലി അന്വേഷിക്കാനുള്ള സമയം പോലും നല്‍കാതെ ഇവരോട് കാണിച്ച മര്യാദകേടിനു പിന്നില്‍ ആരുടെ തീരുമാനമാണെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഉടന്‍ തിരുത്തുവാന്‍ തയ്യാറാവണം.