റായ്പുര്‍: കേന്ദ്രസര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കിയാല്‍ അതില്‍ ഒപ്പിടാതിരിക്കുന്ന ആദ്യ വ്യക്തി താനാകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേല്‍. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി ഒരുവര്‍ഷമായത് ആഘോഷിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ബി.ജെ.പി കേന്ദ്രത്തിലിരിക്കുമ്പോള്‍ നമുക്കു മുന്നില്‍ വലിയൊരു വെല്ലുവിളിയാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, അവരെ പ്രകോപിപ്പിക്കുക, തീവെയ്ക്കുക, മുറിക്കുക, വിഭജിക്കുക, ഇതൊക്കെയാണ് അവരുടെ നയങ്ങള്‍. ഇതു രാജ്യത്തിനു വലിയ വെല്ലുവിളിയാണ്.
ഇന്നു രാജ്യം കത്തുകയാണ്. പല സംസ്ഥാനങ്ങളും കത്തുന്നുണ്ട്. അവിടെയൊക്കെ അക്രമങ്ങള്‍ നടക്കുകയാണ്. അവിടെയൊക്കെ വിദ്യാര്‍ഥികള്‍ക്കു നേരെ അവര്‍ മോശമായി പെരുമാറുന്നുണ്ട്, അവരെ ഉപദ്രവിക്കുന്നുണ്ട്. അവിടെ കൊല നടക്കുന്നുണ്ട്, കൊള്ളിവെപ്പ് നടക്കുന്നുണ്ട്.
അവര്‍ രാജ്യത്തു ഭയാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തില്‍ നിലനില്‍ക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. ആദ്യം അവര്‍ നിങ്ങളുടെ പോക്കറ്റുകള്‍ കീറും. അവര്‍ നോട്ടുബന്ദി നടത്തിയശേഷം നിങ്ങളുടെ പണം ബാങ്കുകളിലിട്ടു, വിജയ് മല്യക്കു നല്‍കി. ആരൊക്കെ അതുമായി പോയിട്ടുണ്ടാകുമെന്ന് ആര്‍ക്കറിയാം.
പിന്നീടാണ് അവര്‍ ജി.എസ്.ടി നടപ്പാക്കിയത്. ഒരു രാജ്യം, ഒറ്റ നികുതി. പക്ഷേ, എന്തു സംഭവിച്ചു? നോട്ടുനിരോധനത്തില്‍ ജനങ്ങള്‍ മരിക്കുക വരെയുണ്ടായി. ജി.എസ്.ടിയില്‍ വ്യവസായങ്ങള്‍ തകര്‍ന്നു. വ്യവസായങ്ങളുടെ ചക്രങ്ങള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടു.
ഇപ്പോള്‍ അവര്‍ പുതിയ പൗരത്വ നിയമം കൊണ്ടുവന്നു. അസം മുഴുവന്‍ കത്തുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ ബംഗാളിലും ഉത്തര്‍പ്രദേശിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. തീ പോലെയാണ് അതു പടരുന്നത്. ഇതു തുടക്കമാണെന്നും തങ്ങള്‍ എന്‍.ആര്‍.സി നടപ്പാക്കുമെന്നുമാണ് അമിത് ഷാ പറയുന്നത്.
എപ്പോഴാണ് അവരതു ചെയ്യുക? നിങ്ങള്‍ ആ രജിസ്റ്ററില്‍ ഒപ്പുവെച്ചാല്‍ എന്താണു സംഭവിക്കുക? നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ അത് സര്‍ട്ടിഫൈ ചെയ്യപ്പെടും. ഒരാള്‍ക്കൂ ഭൂമിയില്ലെങ്കില്‍, അയാള്‍ക്കു പ്രായമായെങ്കില്‍, അല്ലെങ്കില്‍ അയാള്‍ നിരക്ഷരനാണെങ്കില്‍, എങ്ങനെയാണ് അയാള്‍ ഇന്ത്യക്കാരനാണെന്നു തെളിയിക്കുക? അവര്‍ക്കു തെളിയിക്കാനായില്ലെങ്കില്‍ എങ്ങോട്ടാണ് അവരെ അയക്കുക?
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ എനിക്കു പറയാനുള്ളത് ഇതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിജി രജിസ്റ്റര്‍ ഒപ്പിടാന്‍ വിസ്സമതിച്ചിരുന്നു. അദ്ദേഹം അന്നു പ്രതിഷേധം രേഖപ്പെടുത്തി.
ഈ വേദിയില്‍ നിന്നു ഞാന്‍ പറയുകയാണ്, അവര്‍ എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ഞാനായിരിക്കും അതില്‍ ഒപ്പിടാതിരിക്കുന്ന ആദ്യ വ്യക്തി. എന്തിനാണു ഞാനൊരു ഇന്ത്യക്കാരനാണെന്നു തെളിയിക്കണം?’- അദ്ദേഹം ചോദിച്ചു.
ബി.ജെ.പി ന്യൂനപക്ഷങ്ങളെയും ദളിതരെയും ആദിവാസികളെയും അരികുവത്കരിക്കുകയാണെന്നും രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് പൗരത്വ നിയമം അടക്കമുള്ളവ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ജനങ്ങളും ഇതിനെതിരെ ഒന്നിച്ചു പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.