ലിംഗ വ്യത്യാസമില്ലാതെ പൊതു ഇടങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തിനായി പുരുഷാധിപത്യ ബ്രാഹ്മണ മേധാവിത്തത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ആദിവാസി ദളിത് സ്ത്രീകള്‍ നയിച്ച സ്ത്രീകളുടെ വില്ലുവണ്ടി യാത്ര പൊതു സമൂഹത്തിനു മുമ്പില്‍ പ്രഖ്യാപിച്ചിരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു നടത്തിയ വില്ലുവണ്ടി യാത്ര നല്‍കിയ ഊര്‍ജത്തെ കുറിച്ച് അതിന്റെ ഭാവിയെ കുറിച്ച് രാഷ്ട്രീയത്തെ കുറിച്ച് അത്രീകള്‍ സംസാരിക്കുന്നു.
“എനിക്ക് തോന്നുന്നത് നവോത്ഥാനം ഇപ്പോഴാണ് തുടങ്ങിയത് എന്നാണ്. കാരണം പണ്ടത്തെ നവോത്ഥാനത്തില്‍ സ്ത്രീകള്‍ ഇല്ലായിരുന്നു, ആദിവാസികള്‍ ഇല്ലായിരുന്നു ദളിതര്‍ ഇല്ലായിരുന്നു. വിഭവം കയ്യടക്കി വെച്ചിരുന്ന മധ്യവര്‍ഗക്കാരുടെ കൈവശമായിരുന്നു നവോത്ഥാനം ഉണ്ടായിരുന്നത്. അതില്‍ സ്ത്രീ പരിഷ്‌ക്കരിക്കപ്പെട്ടു എന്നെല്ലാതെ സ്ത്രീയെ സാംസ്‌ക്കാരികമായി മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല.
എന്നാലിപ്പോള്‍ ഈ വില്ലുവണ്ടിക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. അടിത്തട്ടില്‍ എന്ന് പറഞ്ഞ് മാറ്റപ്പെട്ടിരുന്ന സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഇത് സാമൂഹികമായും സാംസ്‌ക്കാരികമായും ദുര്‍ബലരാക്കപ്പെട്ട സ്ത്രീകള്‍ക്ക് ഒരു കരുത്താണ്. അതുകൊണ്ട് തന്നെ എവിടെയൊക്കെ വിഭാഗീയത ഉണ്ടോ അവിടേയ്ക്ക് കരുത്തോടെ പോകാന്‍ ഈ വില്ലുവണ്ടി പ്രചോദനമാകും.
കേരളത്തില്‍ നടന്നു വരുന്ന വിഭാഗീയതകള്‍ക്കെതിരെ ഒരു ബദല്‍ ശബ്ദമായി മാറാന്‍ പാര്‍ശ്വവല്‍ക്കരരെന്നു മുദ്രകുത്തപ്പെട്ട സ്ത്രീകള്‍ക്ക് കഴിഞ്ഞു. സ്ത്രീകള്‍ കയറാനായി ഒരുപാട് സന്നിധാനങ്ങളുണ്ട്, ഒരുപാട് പതിനെട്ടം പടികളുണ്ട്. ഈ മേഖലകളിലെല്ലാം പ്രതീക്ഷയോടെ നോക്കിക്കാണാന്‍ ഇപ്പോള്‍ വന്ന വില്ലുവണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആര്‍ജവത്തോടെ സ്ത്രീകള്‍ക്ക് മുന്നേറാന്‍ പറ്റും എന്നതിന്റെ തെളിവാണ് ഈ സ്ത്രീകളുടെ വില്ലുവണ്ടി യാത്ര”- സാമൂഹിക പ്രവര്‍ത്തക മൃദുലാദേവി ശശിദരന്‍ പറയുന്നു.
“ദളിത്-ആദിവാസി സ്ത്രീകളുടെ മുന്‍കയ്യിലുള്ള സമരങ്ങള്‍ ഒരുപാടുണ്ട് കേരളത്തില്‍. പക്ഷേ അവര്‍ക്കൊരു ഏജന്‍സി കിട്ടുന്ന അല്ലെങ്കില്‍ അവര്‍ക്ക് അവരുടേതായ രാഷ്ട്രീയം മുന്നോട്ടു വെക്കാന്‍ കഴിയുന്ന ഒരു മോഹചിന്ത വില്ലുവണ്ടി യാത്ര ഷെയര്‍ ചെയ്യുന്നുണ്ട്. ജാതി-മത ഭേദമന്യേ, വിശ്വാസ ഭേദമന്യേ ആര്‍ക്കും പോകാന്‍ കഴിയുന്ന ഒരു അമ്പലമാണ് ശബരിമല. ഏതു സ്ത്രീക്കും ശബരിമലയില്‍ പ്രവേശിക്കാം. അങ്ങനെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ദലിത്-ആദിവാസി സ്ത്രീകള്‍ നിലകൊള്ളും”- ദളിത് ചിന്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ.രേഖാ രാജ് പറയുന്നു.
“ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഇടങ്ങളിലേയ്ക്കും ജാതീ-മത വ്യത്യാസമില്ലാതെ സ്ത്രീകള്‍ കൂട്ടം കൂട്ടമായി കടന്നുവരുന്ന, നിര്‍ഭയം അവിടെയൊക്കെ സഞ്ചരിക്കുന്ന എല്ലാ വിലക്കുകളേയും ലംഗിക്കുന്ന ഒരു പുതിയ ലോകത്തിലേയ്ക്ക് ഈ യാത്രയ്ക്ക് സാധ്യതയുണ്ട്”- സാമൂഹിക പ്രവര്‍ത്തക പി. ഗീത പറയുന്നു.
“ഈ സമരം വളരെ ശക്തമായി മുന്നോട്ടു പോകും. ഈ സമരത്തില്‍ ശക്തമായ സ്ത്രീകളുടെ പ്രാധിനിധ്യമുണ്ട്. സ്ത്രീകളുടെ യാത്ര ജനകീയമായ മുന്നേറ്റമാണ്. സാമൂഹികമായി അതിനെ നോക്കിക്കാണുകയാണെങ്കില്‍ അത് ശക്തമായ ഇടപെടല്‍ കൂടിയാണ്”- ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തക ശീതള്‍ ശ്യാം പറയുന്നു.
“ശബരിമല പ്രവേശനവും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വരുന്ന ഒന്നില്‍ നിന്നും ഞങ്ങള്‍ ഇനി വ്യതിചലിക്കില്ല. ഞങ്ങള്‍ പോരാട്ടത്തിന്റെ പാതയിലാണ്. ഭരണഘടനയില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടേണ്ട നീതി ഉറപ്പാക്കാത്തടുത്തോളം കാലം സ്ത്രീ സമൂഹത്തിനു വേണ്ടി ഞങ്ങളുടെ വില്ലുവണ്ടി ഓടിയെത്തിയിരിക്കും”- ദളിത് പ്രവര്‍ത്തക എസ്.പി മഞ്ജു പറയുന്നു.