കാട്ടില്‍ നിന്നും 10 മീറ്റര്‍ പോലും ദൂരമില്ലാതെ ടെന്റുകള്‍; കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്
Kerala News
കാട്ടില്‍ നിന്നും 10 മീറ്റര്‍ പോലും ദൂരമില്ലാതെ ടെന്റുകള്‍; കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th January 2021, 8:27 am

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.

വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന.

മേപ്പാടി എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. ഈ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായും വനംവകുപ്പ് പറയുന്നു. എന്നാല്‍ ഹോംസ്‌റ്റേ ലൈസന്‍സ് ഉണ്ടെന്നാണ് റിസോര്‍ട്ട് ഉടമ അജിനാസ് മാധ്യമങ്ങളോട് പറഞ്ഞത്. ടെന്റിന് പ്രത്യേക ലൈസന്‍സ് നല്‍കുന്ന രീതിയില്ലെന്നും അജിനാസ് പറഞ്ഞു.

യുവതി മരിച്ച സ്ഥലത്തെ കുറിച്ച് അജിനാസ് പറയുന്ന വസ്തുതകളില്‍ വനംവകുപ്പ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുവതി ശുചിമുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് വീഴുകയായിരുന്നു. അപ്പോഴാണ് ആക്രമണം നടന്നതെന്നാണ അജിനാസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

വിനോദസഞ്ചാരി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് മരിച്ച ഷഹാന. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: woman killed in elephant attack in Wayanad, resort did not follow safety precautions