Kerala News
റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ഗ്ലോബല്‍ ചാര്‍ട്ടില്‍ ഇടം നേടി 'ബീസ്റ്റി'ലെ 'അറബിക് കുത്ത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 17, 04:10 pm
Thursday, 17th February 2022, 9:40 pm

സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് ‘ബീസ്റ്റി’ലെ പുതിയ പാട്ടായ ‘അറബിക് കുത്ത്’. ഫെബ്രുവരി 14ന് പാട്ട് റിലീസ് ചെയ്തതിന് പിന്നാലെ അറബിക് കുത്ത് പല റെക്കോര്‍ഡുകളും തിരുത്തി എഴുതിയിരുന്നു.

ഇപ്പോഴിതാ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ഗ്ലോബല്‍ ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ് അറബിക് കുത്ത്.

ഗ്ലോബല്‍ ചാര്‍ട്ടിലെ ഗാനങ്ങളുടെ ടോപ്പ് ലിസ്റ്റില്‍ 126ാം സ്ഥാനത്താണ് അറബിക് കുത്ത് ഇപ്പോഴുള്ളത്. ഇതോടെ 48 മണിക്കൂറിനുള്ളില്‍ ഗ്ലോബല്‍ ചാര്‍ട്ടില്‍ 200നുള്ളില്‍ ഇടം നേടുന്ന ഇന്ത്യന്‍ സിനിമയിലെ ആദ്യ ഗാനം എന്ന റെക്കോര്‍ഡും സ്വന്തമാക്കുകയാണ് അറബിക് കുത്ത്.

സണ്‍ പിക്‌ചേഴ്‌സാണ് ഇതുസംബന്ധിച്ച വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് പല റെക്കോര്‍ഡുകളാണ് ഗാനം കടപുഴക്കിയത്. ഗാനം പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടപ്പോള്‍ 24 മില്യണ്‍ കാഴ്ചക്കാരെ നേടിയ അറബിക് കുത്ത് പുഷ്പയിലെ ഊ ആണ്ടവയുടെയും ഭീംല നായികിലെ ഓ ലാ ഭീംലായുടെയുമടക്കം റെക്കോര്‍ഡ് മറികടന്നു. സൗത്ത് ഇന്ത്യയില്‍ വിജയ്‌യുടെ വമ്പന്‍ ഫാന്‍ബേസ് ഒന്നുകൂടി തെളിയിക്കുന്നതായി അറബിക് കുത്തിന്റെ ജനപ്രീതി.

വിജയ്‌യും പൂജ ഹെഗ്ഡേയും എത്തുന്ന പാട്ട് വര്‍ണാഭമായ സെറ്റ് കൊണ്ടും തമിഴ്-അറബിക്ക് സ്റ്റൈല് കൊണ്ടും ഗംഭീരമാക്കിയിട്ടുണ്ട്. പാട്ടിലെ ചില രംഗങ്ങളും ചിത്രീകരണ വീഡിയോകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോനിക ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയത്. പാട്ടിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വീഡിയോയില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും, അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാര്‍ത്തികേയനുമെത്തിയിരുന്നു.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പൂജ ഹെഗ്‌ഡേ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്.

CONTENT HIGHLIGHTS:  Within 48 hours of its release, Beast Movie song Arabic Kuth hit the global charts