Daily News
ഒമര്‍ അബ്ദുള്ളയ്ക്ക് ജയവും പരാജയവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 23, 09:06 am
Tuesday, 23rd December 2014, 2:36 pm

omar-01ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് രണ്ട് മണ്ഡലങ്ങളില്‍ ഒരിടത്ത് വിജയവും മറ്റിടത്ത് തോല്‍വിയും. ഉപമുഖ്യമന്ത്രി താരാചന്ദ് അടക്കം നേതാക്കളില്‍ പലരും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

സോണാവറിലും ബീര്‍വയിലുമാണ് ഒമര്‍ മത്സരിച്ചിരുന്നത്. സോണാവറില്‍ പി.ഡി.പിയുടെ അഷ്‌റഫ്മിറിനോടാണ് ഒമര്‍ തോറ്റത്. ബീര്‍വയില്‍ കോണ്‍ഗ്രസിന്റെ നാസിര്‍ അഹമ്മദ് ഖാനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്.

ജമ്മു കശ്മീരില്‍ പി.ഡി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പിയാണ് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്‌. 87 അംഗ സഭയില്‍ 30 സീറ്റുളില്‍ പി.ഡി.പി നേതാക്കള്‍ മുന്നിലാണ്. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് 13 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് മൂന്നാം സ്ഥാനത്താണ്.

12 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസാണ് നാലാം സ്ഥാനത്ത്. തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത തെളിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് പി.ഡി.പിയെ പിന്തുണയറിയിച്ചിരുന്നു. സോണാവാറില്‍ തന്നെ തോല്‍പ്പിച്ച അഷ്‌റഫിനെ ഒമര്‍ അഭിനന്ദനം അറിയിച്ചു.

” അഷ്‌റഫ് മിറിന്റെ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു. അദ്ദേഹത്തിനും ജനങ്ങള്‍ക്കും അടുത്ത ആറ് വര്‍ഷത്തേക്ക് എല്ലാ ആശംസകളും നേരുന്നു. അദ്ദേഹം എന്റെ എം.എല്‍.എ ആയിരുന്നു.” അദ്ദേഹം പറഞ്ഞു.