ജയലളിത അപ്പോളോ ആശുപത്രിയില്‍ നിന്നും ടി.വി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ടെന്ന് ദിനകരന്‍
India
ജയലളിത അപ്പോളോ ആശുപത്രിയില്‍ നിന്നും ടി.വി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ടെന്ന് ദിനകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2017, 8:47 am

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ടി.വി കാണുന്ന വീഡിയോ തന്റെ പക്കലുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍. ജയലളിതയുടെ മരണം അന്വേഷിക്കുന്ന അന്വേഷണ കമ്മീഷനു മുമ്പാകെ തെളിവായി ഇത് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി.കെ ശശികലയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജയളിലത നൈറ്റി ധരിച്ചിരിക്കുന്ന ചിത്രം പുറത്തുവിടാത്തത് മുഖ്യമന്ത്രിയെന്ന നിലയിലുളള അവരുടെ അന്തസ്സ് സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ദിനകരന്‍ പറഞ്ഞു.

തന്റെ ഇമേജിനെക്കുറിച്ചും പൊതു ജീവിതത്തിനിടയിലെ അന്തസ്സിനെക്കുറിച്ചും ജയലളിത എപ്പോഴും ബോധവതിയായിരുന്നു. നൈറ്റ് ഗൗണ്‍ പോലുള്ള വസ്ത്രങ്ങളില്‍ തന്നെ പുറമേയുള്ളവര്‍ കാണുന്നത് അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ദിനകരന്‍ പറഞ്ഞു.


Also Read: ‘അതൊന്നും സാഹിത്യമല്ല’ ചേതന്‍ ഭഗത്തിന്റെ നോവലുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിരെ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ടീച്ചര്‍മാര്‍


“അമ്മ വല്ലാതെ മെലിഞ്ഞിരുന്നു. വീഡിയോ എടുക്കുന്ന സമയത്ത് അമ്മ നൈറ്റിയിലായിരുന്നു. കുടുംബാംഗങ്ങളാണ് ഞങ്ങള്‍ മാത്രമാണ് അവരെ നൈറ്റിയില്‍ കണ്ടിട്ടുള്ളൂ. 1989ല്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന അമ്മയെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാണാനെത്തിയപ്പോള്‍ വരെ അവര്‍ ശരീരം മുഴുവന്‍ മറച്ചാണ് കിടന്നത്. ആ അന്തസ്സ് അവര്‍ എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ചിരുന്നു.” ദിനകരന്‍ പറഞ്ഞു.

അമ്മയെ ഐ.സി.യുവില്‍ നിന്നും വി.ഐ.പി വാര്‍ഡിലേക്കു മാറ്റിയപ്പോഴാണ് വീഡിയോ എടുത്തത്.

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ജയലളിതയെ കണ്ടെന്നും അവര്‍ ഇഡ്‌ലി കഴിച്ചെന്നുമൊക്കെയുള്ള അവകാശവാദങ്ങള്‍ കള്ളമാണെന്ന് കഴിഞ്ഞദിവസം തമിഴ്‌നാട് വനംമന്ത്രി സി. ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. ശശികലയ്ക്കു മാത്രമേ ജയലളിതയെ മുറിയില്‍ പോയി കാണാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.