വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; ധര്‍മ്മടത്ത് പിണറായിക്ക് എതിരെ മത്സരിക്കില്ലെന്ന് കെ.സുധാകരന്‍
Kerala Election 2021
വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; ധര്‍മ്മടത്ത് പിണറായിക്ക് എതിരെ മത്സരിക്കില്ലെന്ന് കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th March 2021, 10:58 pm

കണ്ണൂര്‍: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ താന്‍ മത്സരിക്കുമെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്‍.

അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ലെന്നും മത്സരിക്കാനായി ആരെയും സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.. ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന്‍ വ്യക്തമാക്കി.

ധര്‍മ്മടം മണ്ഡലത്തില്‍ സുധാകരന്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്നും ഇക്കാര്യം സുധാകരന്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

നേരത്തെ ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മ്മടത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് ചിറകുണ്ടോയെന്നും സുധാകരന്‍ ചോദിച്ചിരുന്നു. പിണറായി വിജയനൊന്നും മുന്നിലെ പ്രശ്‌നമേ അല്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

അതേസമയം കെ.സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ഉണ്ണിത്താന്റെ വിമര്‍ശനം.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, ആ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ വിജയസാധ്യത കുറച്ചു എന്ന് കോണ്‍ഗ്രസിന്റെ ഒരു വര്‍ക്കിംഗ് പ്രസിഡണ്ട് പറഞ്ഞാല്‍ അദ്ദേഹത്തെ പിന്നെ ആ സ്ഥാനത്ത് കാണാന്‍ ഒരു കോണ്‍ഗ്രസുുകാരനായ തനിക്ക് സാധിക്കില്ലയെന്ന് ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് ഒരു വര്‍ക്കിംഗ് പ്രസിഡന്റിനെ വെയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് വാതമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് എതിരെ കെ.സുധാകരന്‍ രംഗത്ത് എത്തിയത്.

സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ലെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: will not contest against Pinarayi Vijayan in Dharmadath says K Sudhakaran