തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് അനുപമ വ്യക്തമാക്കി.
അനുപമ ഐ.എ.എസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് സി.ഡബ്ല്യൂ.സിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാവാനാണ് സാധ്യതയെന്ന് അനുപമ പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഒളിപ്പിച്ച് വെക്കേണ്ടതല്ലെന്നും അനുപമ പറഞ്ഞു.
ആരൊക്കെ മൊഴി നല്‍കി, എന്താണ് മൊഴി എന്നതൊക്കെ പുറത്തുവരണം. അങ്ങനെ വന്നാല്‍ മാത്രമേ തനിക്കും പങ്കാളിക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണം അവസാനിക്കുവെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ എടുത്തു മാറ്റിയതില്‍ തന്റെ അച്ഛനെതിരെ നിസാരമായ വകുപ്പുകളാണ് ചുമത്തിയതെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും അനുപമ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായും അനുപമ ആരോപിച്ചു.
ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ ആരോപിച്ചിരുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു.
നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ എടുത്തുമാറ്റിയെന്നാരോപിച്ച് അനുപമ വീട്ടുകാര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്.
ജയചന്ദ്രന്‍ ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രന്റെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസമായിരുന്നു കോടതി പരിഗണിച്ചത്.
പി.എസ്.ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയചന്ദ്രന്റെ മേല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെ ഉള്ളുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, രണ്ട് ദിവസം മുമ്പാണ് കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ ദമ്പതികളില്‍ നിന്നും കുട്ടിയെ നാട്ടിലെത്തിച്ച് ഡി.എന്‍.എ പരിശോധന നടത്തിയിരുന്നത്. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായതോടെ കുഞ്ഞിനെ അനുപമക്ക് കൈമാറുകയായിരുന്നു.