യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരേ പോലെ അഭിമാന പ്രശ്‌നമായ മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി. രൂപീകരണം മുതല്‍ യു.ഡി.എഫിനൊപ്പം നിന്നിരുന്ന മണ്ഡലം 2006 ല്‍ ആണ് ആദ്യമായി ഇടതുപക്ഷത്തിനൊപ്പം നിന്നത്. അന്ന് മുസ്‌ലിം ലീഗ് വിമതനായ പി.ടി.എ റഹീമിലൂടെ മണ്ഡലം ഇടതുപക്ഷത്തേക്ക് എത്തുകയായിരുന്നു.
2011 ല്‍ കൊടുവള്ളി മണ്ഡലം ലീഗ് തിരിച്ചുപിടിച്ചെങ്കിലും 2016 ല്‍ വീണ്ടും ലീഗില്‍ നിന്ന് വേര്‍പിരിഞ്ഞ് വന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിലൂടെ മണ്ഡലം വീണ്ടും ഇടതിനൊപ്പം നില്‍ക്കുകയായിരുന്നു. വീണ്ടും ഒരു നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മണ്ഡലം തിരിച്ചു പിടിക്കേണ്ടത് മുസ്‌ലിം ലീഗിന്റെയും വിട്ടുകൊടുക്കാതെ സംരക്ഷിക്കേണ്ടത് ഇടതുപക്ഷത്തിന്റെയും ആവശ്യമായിരിക്കുകയാണ്.
എന്നാല്‍ വിചാരിക്കുന്ന അത്ര എളുപ്പമല്ല ഇരുമുന്നണികള്‍ക്കും കൊടുവള്ളിയെ കൂടെ നിര്‍ത്തുക എന്നത്.
സ്വര്‍ണനഗരിയിലെ വിവാദങ്ങളില്‍ ഉലയുന്ന എല്‍.ഡി.എഫ്
കേരളത്തിന്റെ സ്വര്‍ണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജ്വല്ലറികളുള്ള സ്ഥലം കൊടുവള്ളിയാണ്.
സംസ്ഥാനത്ത് ഏറെ വിവാദമായ സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടും കൊടുവള്ളിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. നിലവിലെ എം.എല്‍.എ ആയ കാരാട്ട് റസാഖിനെതിരെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പലപ്പോഴും ഉയര്‍ന്നിട്ടുമുണ്ട്.
ഏറ്റവും ഒടുവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കാരാട്ട് ഫൈസലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഫൈസലിന് എല്‍.ഡി.എഫ് സീറ്റ് നിഷേധിച്ചു. എന്നാല്‍ കൊടുവള്ളിയില്‍ 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിക്കുകയും വലിയ വിജയം നേടുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ട് പോലും നേടാന്‍ ആയില്ല എന്നതാണ് ഏറ്റവും വലിയ ‘തമാശ’
ഈ സംഭവങ്ങളെല്ലാം തന്നെ എല്‍.ഡി.എഫിനെതിരായ ആയുധമാക്കാനാണ് യു.ഡി.എഫിന്റെ നീക്കം. എന്നാല്‍ യു.ഡി.എഫിനകത്തും പ്രതിസന്ധികള്‍ ഏറെയാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില വെച്ച് യു.ഡി.എഫ് വിജയം നേടാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കൊടുവള്ളി. ലീഗിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനായി നിരവധി പേരാണ് തയ്യാറായി ഇരിക്കുന്നത്. 2006 ലും 2016 ലും പാര്‍ട്ടിയിലെ വിഭാഗീയതയിലൂടെയാണ് യു.ഡി.എഫിന് പരാജയം നേരിടേണ്ടി വന്നത്. ഇപ്രാവശ്യവും വിഭാഗീയത ലീഗിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
സ്ഥാനാര്‍ത്ഥി പട്ടിക, സാധ്യതകളും അട്ടിമറികളും
വിജയത്തില്‍ കുറഞ്ഞ ഒന്നും എല്‍.ഡി.എഫ് ലക്ഷ്യം വെക്കുന്നില്ല. കൊടുവള്ളി മണ്ഡലത്തില്‍ പരാജയം നേരിട്ടാല്‍ സംസ്ഥാനതലത്തില്‍ തന്നെ എല്‍.ഡി.എഫിന് ക്ഷീണമായിരിക്കുമെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കാരാട്ട് റസാഖിന് വീണ്ടും ഒരു അവസരം നല്‍കാന്‍ എല്‍.ഡി.എഫ് തയ്യാറാകില്ലെന്നാണ് വിലയിരുത്തുന്നത്.
കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥി നിരയിലേക്ക് പരിഗണിച്ചിരുന്ന കാരാട്ട് ഫൈസലും വിവാദത്തില്‍ പെട്ടതോടെ ഈ സാധ്യതയും മങ്ങിയിരിക്കുകയാണ്. ഇതിനിടെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ഒരുമണ്ഡലത്തിലേക്ക് എം.കെ മുനീര്‍ മാറാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ കൊടുവള്ളിയായിരിക്കും ആദ്യ പരിഗണന. കാരാട്ട് റസാഖിനോട് പരാജയപ്പെട്ട എം.എ റസാഖിന് സീറ്റ് നല്‍കണമെന്ന് പ്രാദേശിക തലത്തില്‍ ആവശ്യം ഉയരുകയും ചെയ്യുന്നുണ്ട്.
ഗ്രൂപ്പ് വിഭാഗീയതയിലും കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥിയായ എം.എ റസാഖ് തോറ്റത്. 2011 ലും 2016 ലും ലീഗിലായിരുന്ന കാരാട്ട് റസാഖിന് സീറ്റ് നിഷേധിച്ചതോടെയായിരുന്നു അദ്ദേഹം എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചത്.
എം.കെ മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്ന് മാറി നില്‍ക്കുന്നില്ലെങ്കില്‍ എം.എ റസാഖിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കും. ഇനി മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്ന് മാറുകയാണെങ്കില്‍ സൗത്തില്‍ പി.കെ ഫിറോസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
അതുകൊണ്ട് തന്നെ കൊടുവള്ളിയില്‍ യു.ഡി.എഫിനോടും പ്രത്യേകിച്ച് മുസ്‌ലീം ലീഗിനോടും കട്ടയ്ക്ക് നില്‍ക്കാന്‍ പി.ടി.എ റഹീമിനെ കുന്ദമംഗലത്ത് നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ട് വരാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചേക്കും.
കെ.മുരളീധരനെ കൊടുവള്ളിയിലും കുന്ദമംഗലത്ത് യു.സി രാമന്‍, ടി സിദ്ധീഖ് എന്നിവരെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസം പി.ടി.എ റഹീമിന് ഉണ്ട്. ഇതിന് പുറമെ പ്രാദേശിക എല്‍.ഡി.എഫ് പിന്തുണയും പി.ടി.എ റഹീമിന് ഉണ്ട്.
വിവാദങ്ങള്‍ക്കിടയിലും ആദ്യം കാരാട്ട് ഫൈസലിനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് പി.ടി.എ റഹീം ആയിരുന്നു. കാരാട്ട് റസാഖിനും, ഫൈസലിനും സാധ്യത മങ്ങിയതിനാല്‍ എല്‍.ഡി.എഫ് പ്രാദേശിക ഘടകം ഏറ്റവും പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി പി.ടി.എ റഹീം ആയിരിക്കും.
അതേസമയം ബി.ജെ.പിയും അപരന്മാരും പിടിക്കുന്ന വോട്ടുകളും നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. 2016ല്‍ 573 വോട്ടുകള്‍ക്ക് മാത്രമാണ് യു.ഡി.എഫിന്റെ എം.എ റസാഖ് മാസ്റ്റര്‍ കാരാട്ട് റസാഖിനോട് പരാജയപ്പെടുന്നത്. 2011 ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരീഷ് തേവള്ളി 6519 വോട്ട് പിടിച്ചപ്പോള്‍ 2016 ല്‍ അലി അക്ബര്‍ 11537 വോട്ടായിരുന്നു പിടിച്ചത്.
2021 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അലി അക്ബറിനെ ബേപ്പൂര്‍ മണ്ഡലത്തിലേക്ക് ബി.ജെ.പി പരിഗണിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഗിരീഷ് തേവള്ളിയെയോ മറ്റേതെങ്കിലും സംസ്ഥാന നേതാക്കളെയോ കൊടുവള്ളി മണ്ഡലത്തില്‍ ബി.ജെ.പി പരിഗണിച്ചേക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Will MK Muneer go to Koduvally to retake the constituency? ; Will the gold smuggling controversy backfire on the LDF? Kerala Election 2021 special writeup