ന്യൂദല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലാഴ്മ ക്രമാതീതമായി വര്‍ധിച്ചെന്ന എന്‍.എസ്.എസ്.ഒയുടെ പുറത്തായ റിപ്പോര്‍ട്ടിന് പകരം പുതിയ സര്‍വേ ഫലം പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്. തൊഴില്‍ സാധ്യത വര്‍ധിച്ചതായി പുതിയ റിപ്പോര്‍ട്ടില്‍ കാണാമെന്നും ദെബ്രോയ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.
“തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാറിന്റെ പങ്കെന്താണെന്ന് തിരിച്ചറിയണം. ബിസിനസ്, തൊഴില്‍, എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പകുതി ഉത്തരവാദിത്വം മാത്രമാണ്, ബാക്കി സംസ്ഥാനങ്ങളുടെ ബാധ്യതയാണ്”- ദെബ്രോയ് പറഞ്ഞു.
“എന്നാല്‍ പുതിയ സംരഭങ്ങള്‍ തുടങ്ങാനും ബിസിനസ്സിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയും. സ്വയം തൊഴിലിനുള്ള സാഹചര്യം ഉണ്ടാക്കുക വഴി അതു തന്നെയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതും”- അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് പുറത്തു വിട്ട സര്‍വേ പ്രകാരം നാല്‍പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കൊണ് നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തുണ്ടായത്. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇക്കാരണം കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര സമിതിയിലെ പി.സി മോഹനനടക്കമുള്ള രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേയാണിത്. 2017 ജൂലൈയ്ക്കും 2018 ജൂണിനും ഇടയിലാണ് ഈ സര്‍വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.
1972-73 വര്‍ഷത്തിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വേയില്‍ പറയുന്നു.
എന്നാല്‍ ഈ സര്‍വേ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നായിരുന്നു നിതി ആയോഗിന്റെ വാദം. എന്നാല്‍ സര്‍വേ പൂര്‍ണ്ണമാണെന്ന് പറഞ്ഞ് ദേശീയ സ്ഥിതിവിവര ശാസ്ത്ര സമിതിയുടെ മുന്‍ ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു.