ലഖ്‌നൗ: പശുക്കളോട് അനാദരവ് കാണിക്കുന്നവരുടെ കാലൊടിക്കുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ എം.എല്‍.എ രംഗത്ത്. കടൗലി എം.എല്‍.എയായ വിക്രം സൈനിയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പശുക്കളോട് അനാദരവ് കാണിക്കുന്നവരേയും അവയെ കൊല്ലുന്നവരുടേയും കാലൊടിക്കുമെന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്.
വന്ദേമാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും പറയാന്‍ വിസമ്മതിക്കുന്നവരുടേയും പശുക്കളെ തങ്ങളുടെ മാതാവായി കാണാന്‍ കഴിയാത്തവരുടേയും കയ്യും കാലും തല്ലിയൊടിക്കുമെന്ന് താന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ പ്രതിജ്ഞ നിറവേറ്റാന്‍ തനിക്ക് അറിയാം. അതിന് സുസജ്ജരായ ചെറുപ്പക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും വിക്രം സൈനി പറഞ്ഞു.
ഗോവധം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്നാലെയാണ് എം.എല്‍എയുടെ ഭീഷണി. ആവേശത്തോടെയാണ് എം.എല്‍.എയുടെ പ്രസംഗത്തെ കേള്‍വിക്കാര്‍ ഏറ്റെടുത്തത്.
ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. കഴിഞ്ഞ ദിവസം ഗോരഖ്പൂരില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും. പശുക്കളെ അറവു ചെയ്യുന്നവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
വീഡിയോ കാണാം:
#WATCH Muzaffarnagar(UP): BJP MLA Vikram Saini says “I promised to break limbs of ppl who disrespect and kill cows” (25.3.17) pic.twitter.com/C8tXd2V2Kf
— ANI UP (@ANINewsUP) March 26, 2017