ഗുജറാത്തില്‍ വെച്ച് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചപ്പോള്‍ ഈ ഉത്തരവാദിത്തം എവിടെയായിരുന്നു? ആര്യന്‍ ഖാനെ അറസ്റ്റുചെയ്യുമ്പോള്‍ എങ്ങനെയാണ് ബി.ജെ.പി നേതാവും പ്രൈവറ്റ് ഡിറ്റക്ടീവും ഭാഗമായതെന്ന് റാണ അയൂബ്
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക റാണ അയൂബ്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ ബി.ജെ.പി നേതാവും പ്രൈവറ്റ് ഡിറ്റക്ടീവും ഏജന്‍സിക്കൊപ്പം ഉണ്ടയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റാണ അയൂബിന്റെ പ്രതികരണം.
ഒരു ബി.ജെ.പി നേതാവും ഒരു സ്വകാര്യ അന്വേഷകനും എങ്ങനെയാണ ആര്യന്‍ ഖാനും മറ്റുള്ളവര്‍ക്കുമെതിരായ എന്‍.സി.ബി റെയ്ഡിന്റെ ഭാഗമായതെന്നും എന്തുകൊണ്ടാണ് അവര്‍ക്ക് പ്രവേശനം നല്‍കിയതെന്നും റാണ അയൂബ് ചോദിച്ചു.
മുന്ദ്ര തുറമുഖത്ത് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തപ്പോള്‍ ഈ ഉത്തരവാദിത്തം എവിടെയായിരുന്നെന്നും അഫ്ഗാനിസ്താനില്‍നിന്നുള്ള 3000 കിലോഗ്രാം ഹെറോയിന്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പിടിച്ചെടുത്ത സംഭവം ചൂണ്ടിക്കാട്ടി അവര്‍ ചോദിച്ചു.
കപ്പലില്‍ നടത്തിയ റെയ്ഡില്‍ എന്‍.സി.ബിക്കൊപ്പം ബി.ജെ.പി നേതാവ് മനീഷ് ഭാനുഷാലിയും പ്രൈവറ്റ് ഡിറ്റക്ടീവ കെ.പി ഗോസാവിയും ഉണ്ടായിരുന്നെന്ന ആരോപണവുമായി എന്‍.സി.പി രംഗത്തെത്തിയിരുന്നു. ആര്യന്‍ ഖാനൊപ്പമുള്ള ഗോസാവിയുടെ ചിത്രവും പുറത്തുവന്നിരുന്നു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.
അതേസമയം, ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.
ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍,21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 133000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.