രജനീകാന്ത് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ രൂപീകരിച്ച പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയാകുന്നു. ആരോഗ്യപ്രശ്‌നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് രജനീകാന്ത് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ അതുമാത്രമല്ല കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം രണ്ട് ദശകത്തിലേറെയായി തമിഴ്‌നാട് രാഷ്ട്രീയത്തിലെയും സിനിമയിലെയും ചൂടുള്ള ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി തവണ രജനീകാന്ത് തന്നെ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്. 2017ല്‍ രജനികാന്ത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഈ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി.
ഇതിനിടയില്‍ ബി.ജെ.പിയോടാണ് രജനീകാന്തിന് ചായ്‌വെന്ന് പല ഭാഗങ്ങളില്‍ നിന്നായി അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാ അഭ്യൂഹങ്ങള്‍ക്കും സൂചനകള്‍ക്കും വിരാമിട്ടുകൊണ്ട് ഡിസംബര്‍ മൂന്നിനാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും ജനുവരി മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുമാണ് അന്നത്തെ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നത്.
ഫാന്‍സ് ഗ്രൂപ്പുകളെയാണ് രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ബി.ജെ.പി മുന്‍ നേതാവ് അര്‍ജുന മൂര്‍ത്തിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങുന്നത്. കൂടാതെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരില്‍ പലര്‍ക്കും ബി.ജെ.പി പശ്ചാത്തലമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
രജനികാന്തിനായി ഇത്രയും നാള്‍ പ്രയത്‌നിച്ചവരെയും കൂടെ നിന്നവരെയും ഒഴിവാക്കി കൊണ്ടാണ് പാര്‍ട്ടി രൂപീകരണം നടക്കുന്നതെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇത് ഫാന്‍സ് അസോസിയേഷനുകള്‍ക്കുള്ളില്‍ നിന്നുവരെ എതിര്‍പ്പുകള്‍ക്ക് കാരണമായി. ഇതാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് നല്ല തീരുമാനമല്ലെന്നും നടനെന്ന നിലയില്‍ തമിഴ് ജനതക്കിടയിലുള്ള രജനിയുടെ നിലവിലെ സ്വീകാര്യതയെ വരെ ഒരുപക്ഷെ ഈ തീരുമാനം ദോഷകരമായി ബാധിച്ചേക്കുമെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിരുന്നു. രജനിയുടെ അടുത്ത വൃത്തങ്ങളും അഭ്യുദയകാംക്ഷികളും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന പല പ്രതികരണങ്ങളും വ്യക്തമാക്കിയിരുന്നു.
ബി.ജെ.പിയില്‍ ചേരുമെന്നോ പിന്തുണ നല്‍കുമെന്നോ ഉള്ള രീതിയിലുള്ള പ്രഖ്യാപനങ്ങളൊന്നും രജനീകാന്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ ചില പ്രസ്താവനകളും നടപടികളും രജനിയുടെ പാര്‍ട്ടി പ്രതീതി ജനിപ്പിച്ചിരുന്നു.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന തീരുമാനം ഉറപ്പിച്ച് പറയുന്നതിന് ഒരുമാസം മുന്‍പ് ആര്‍.എസ്.എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് നടത്തിയ കൂടിക്കാഴ്ച വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രജനീകാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചു.
രജനീകാന്തിന് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും ബി.ജെ.പിയിലേക്കെത്തുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ഗുരുമൂര്‍ത്തി നേരത്തെ പറയുകയും ചെയ്തിരുന്നു. അപ്പോഴും രാഷ്ട്രീയത്തിലേക്കില്ലെന്ന് തന്നെയാണ് രജനി പറഞ്ഞത്.
രജനീകാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം നേരിട്ട് ശ്രമിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ രജനീകാന്തുമായി സഖ്യത്തിന് തയ്യാറാണെന്നും ആശയങ്ങള്‍ ഒരുമിച്ചുപോകുന്നതാണെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. രജനീകാന്ത് തങ്ങളെ പിന്തുണയ്ക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും ബി.ജെ.പി വക്താവ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട രജനീകാന്ത് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നടന്റെ ഇമേജിന് വിള്ളലുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാഷ്ട്രീയപ്രവേശനത്തിനോട് അനുബന്ധിച്ച് രജനി നടത്തിയ ചില പ്രസ്താവനകളില്‍ രാഷ്ട്രീയ പ്രവേശനത്തോട് കുടുംബാംഗങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടെന്നതിന്റെ സൂചനകളുണ്ടായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നുമാണ് നവംബറില്‍ ബി.ജെ.പിയുടെ ക്ഷണം നിരസിച്ചുകൊണ്ട് രജനികാന്ത് പറഞ്ഞിരുന്നത്.
ആരോഗ്യപ്രശ്‌നത്തേക്കാള്‍ ഈ തര്‍ക്കങ്ങളും അഭിപ്രായങ്ങളുമാണ് രാഷ്ട്രീയത്തില്‍ നിന്നുമുള്ള രജനികാന്തിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തലുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക